സ്വന്തം ലേഖകൻ
തിരുവനന്തപുരം : ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കോഴിക്കോട് തോടന്നൂർ തെക്കേമലയിൽ അനുരാഗ് (25)ആണ് അറസ്റ്റിൽ ആയത്. നെടുമ്പാശ്ശേരി എയർപോർട്ട് വഴി നാട്ടിലേക്ക് മടങ്ങവെയാണ് പൊലീസ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓൺലൈൻ തട്ടിപ്പ് നടത്തുന്ന കംബോഡിയയിലെ കമ്പനിയിലേക്കാണ് ആളുകളെയാണ് പ്രതി കടത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതി ഇത്തരം തട്ടിപ്പുകള്‍ മുമ്പും നടത്തിയിട്ടുള്ള ആളാണെന്നും പൊലീസ് പറഞ്ഞു.
പേരാമ്പ്ര കൂത്താളി സ്വദേശി അബിന്‍ ബാബു (25), പേരാമ്പ്ര സ്വദേശി കുന്നുമ്മല്‍ രാജീവന്‍ (46) എന്നിവരടക്കം നിരവധി പേരാണ് തട്ടിപ്പിനിരയായത്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇരകളെ സംഘം വലയിലാക്കിയത്. നിരവധി പേരാണ് ഇപ്പോഴും കംബോഡിയയില്‍ കുടുങ്ങി കിടക്കുന്നത്. അബിന്‍ ബാബു ഉൾപ്പെടെ തട്ടിപ്പിനിരയായ ചിലർ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു. പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇരയായവരിൽ നിന്നും 2000 ഡോളര്‍ (ഏകദേശം 1,70.000 രൂപ) വെച്ച് സംഘം കൈക്കലാക്കിയതായാണ് വിവരം. മനുഷ്യക്കടത്ത്, തടവില്‍ പാര്‍പ്പിക്കല്‍, പണത്തിന് വേണ്ടി തട്ടികൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
0 Comments