സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പേരിൽ സ്വകാര്യ കോച്ചിംങ് സെൻ്റർ കുട്ടികളെ കൊള്ളയടിക്കുന്നതായി പരാതി. ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കായി സ്വകാര്യ നീറ്റ് പരിശീലന കേന്ദ്രം സ്കൂൾ അധികൃതരുടെ അറിവോടെ തിരഞ്ഞെടുത്ത മുപ്പതോളം കുട്ടികൾക്ക് ക്ലാസ് മുറിയിൽ എൻട്രൻസ് മാതൃക പരീക്ഷ നടത്തിയിരുന്നു. ഇവിടെ നിന്നും ശേഖരിച്ച കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ഫോണിൽ ബന്ധപ്പെട്ടും വീട്ടിലെത്തിയും അഡ്മിഷൻ എടുക്കാൻ പണം ആവശ്യപ്പെടുന്നത് സംബന്ധിച്ചാണ് പരാതി ഉയരുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ഗവൺമെൻറ് / എയ്ഡഡ് സ്കൂളുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ ഇത്തരം പരീക്ഷകളോ ക്ലാസുകളോ അനുവദിക്കുന്നതല്ല. തുടർച്ചയായ പരാതികൾ ഉയർന്നതിനാൽ അടുത്തിടെ ഇത് സംബന്ധിച്ച് ഉത്തരവുകളും പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. ഇവയെല്ലാം അവഗണിച്ചാണ് സ്കൂൾ അധികൃതർ സ്വകാര്യ നീറ്റ് പരിശീലന കേന്ദ്രത്തിന് ക്ലാസ് എടുക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും അനുമതി നൽകിയത്. മാത്രമല്ല ഗവൺമെൻറ് / എയ്ഡഡ് സ്കൂളുകളിൽ എൻട്രൻസിനായി പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ ആഭിമുഖ്യത്തിൽ 'ക്രാക്ക് ദ എൻട്രൻസ്' എന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ ഇവ പ്രകാരമുള്ള ക്ലാസുകൾ അഞ്ചാലുംമൂട് സ്കൂളിൽ നടക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ഇതിനിടെയാണ് സ്വകാര്യസ്ഥാപനത്തിന് ക്ലാസ് എടുക്കാൻ അനുമതി നൽകിയത്. ഇതോടെ സ്കൂളിൻറെ നടപടി ഇപ്പോൾ വിവാദത്തിലാണ്.
കഴിഞ്ഞദിവസം അഞ്ചാലുംമൂട് സർക്കാർ സ്കൂൾ അധികൃതരുടെ അറിവോടെ ക്ലാസ് മുറിയിൽ കുട്ടികൾക്കായി എൻട്രൻസ് മാതൃക പരീക്ഷ നടത്തിയിരുന്നു. ഈ ക്ലാസിന്റെ മറവിൽ ഇവർ കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് പരീക്ഷയിൽ കുട്ടി ഉന്നത വിജയം നേടിയതായി അറിയിച്ചുകൊണ്ട് രക്ഷിതാക്കളെ ഈ സ്ഥാപനം ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് വീട്ടിലെത്തി നീറ്റ് പരിശീലനത്തിനായി ഇവരുടെ സ്ഥാപനത്തിൽ ചേരണമെന്നും തങ്ങൾ അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ പറഞ്ഞിട്ടാണ് വരുന്നതെന്നും നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി ഉടൻ അഡ്മിഷൻ എടുക്കണമെന്നും അറിയിക്കുകയായിരുന്നു. അഡ്മിഷൻ ഫീസ് ആയി 2000 രൂപ നൽകണമെന്നും ഇവർ അറിയിച്ചു. തുടർച്ചയായി വിളികളും സന്ദർശനവും കാരണം പലരും കാശ് നൽകി. എന്നാൽ കാശില്ല എന്ന് പറഞ്ഞ രക്ഷിതാക്കളോട് തൊട്ടടുത്ത വീട്ടിൽനിന്ന് കടം വാങ്ങി നൽകാനും വിദ്യാഭ്യാസ കാര്യമായതിനാൽ അവർ നൽകുമെന്നും ഇവർ പറഞ്ഞതായി വിദ്യാർഥികൾ ഉൾപ്പെടെ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും പരാതി നൽകുമെന്ന് പൊതുപ്രവർത്തകനായ സജീവ് പ്രതികരിച്ചു. സ്കൂളിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് കൃത്യമായ വീഴ്ചയാണെന്നും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് ഇത്തരമൊരു ക്ലാസ്സ് എടുക്കുന്നതിന് ആരാണ് അനുമതി കൊടുത്തതെന്ന് വകുപ്പ് അന്വേഷിക്കട്ടെയെന്നും നിയമനടപടി സ്വീകരിക്കും വരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ ഭാവിയെ കരുതി, ബന്ധപ്പെടുന്നത് വിലക്കിയിരുന്നു...
കുട്ടികളുടെ ഭാവിയെ കരുതിയാണ് എൻട്രൻസ് പരിശീലന കേന്ദ്രത്തിന് സ്കൂളിൽ മാതൃകാ പരീക്ഷ നടത്താൻ അനുമതി നൽകിയത്. പിടിഎയോട് ഇത് സംബന്ധിച്ച വിവരം പി.ടി.എ വാട്സാപ്പ് ഗ്രൂപ്പിൽ അറിയിച്ചിരുന്നു. എന്നാൽ ഇവർ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്ന കാര്യം അറിയില്ലായിരുന്നു. പരാതി ഉയർന്നപ്പോൾ ഈ സ്ഥാപനം കുട്ടികളെ ബന്ധപ്പെടുന്നത് വിലക്കിയിരുന്നു. ഇത് സംബന്ധിച്ച വാട്സാപ്പ് സന്ദേശവും സ്കൂൾ ഗ്രൂപ്പുകളിലൂടെ പുറത്തുവിട്ടിരുന്നു. സ്കൂൾ ആർക്കും വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ നൽകിയിട്ടില്ല. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും.
- ഷൈജു ടി.എസ്,
പ്രിൻസിപ്പാൾ,
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, അഞ്ചാലുംമൂട്
പ്രിൻസിപ്പാൾ നല്ല മനുഷ്യൻ, നിയമ നടപടി സ്വീകരിക്കും...
പ്രിൻസിപ്പാൾ സദുദ്ദേശത്തോടെയാണ് ഇത്തരത്തിൽ ഒരു കോച്ചിംഗ് ക്ലാസ് സംഘടിപ്പിച്ചത്. വിവരം പിടിഎയെ അറിയിച്ചിരുന്നു. പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാൾ മുഖാന്തരം സ്വകാര്യ സ്ഥാപനത്തെ ബന്ധപ്പെടുകയും ഇത്തരം പ്രവർത്തി ആവർത്തിക്കരുത് എന്ന് അറിയിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ കയ്യിൽ നിന്ന് അഡ്മിഷൻ ഫീസ് ആയി വാങ്ങിയ 2000 രൂപ ഉടൻ തിരികെ വാങ്ങി നൽകും. ആലോചിച്ച ശേഷം നിയമ നടപടി സ്വീകരിക്കും.
- ബൈജു.ആർ,
പിടിഎ പ്രസിഡൻറ്
- ഷംനാർ,
പിടിഎ വൈസ് പ്രസിഡൻറ്
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, അഞ്ചാലുംമൂട്
(ഫോൺ സംഭാഷണങ്ങളിൽ നിന്ന്)
2 Comments
Ethanu centre
ReplyDeleteഇത് അഞ്ചാലുംമൂട് സ്കൂളിലെ hss വിഭാഗം ആണ് ഹൈസ്കൂൾ വിഭാഗംഅല്ല news ഇട്ടവർ അതു എടുത്തു പറയേണ്ടതു് ആയിരുന്നു
ReplyDelete