സ്വന്തം ലേഖകൻ
ലണ്ടന്‍ : ബ്രസീലില്‍ നിന്നുള്ള 600ല്‍ അധികം കുടിയേറ്റക്കാരെ നാട് കടത്തി ബ്രിട്ടന്‍. ഇവരില്‍ 109 പേര്‍ കുട്ടികളാണ്. ഇവരെ അതീവ രഹസ്യമായിട്ടാണ് ഹോം ഓഫീസ് മൂന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി ബ്രസീലിലേക്ക് അയച്ചത്. ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയുമധികം പേരെ ഒരുമിച്ച് നാട് കടത്തുന്നത്. വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് ഇത്രയുമധികം പേരെ ഒരു രാജ്യത്തേക്ക് മടക്കി അയയ്ക്കുന്നതും പുതിയ സംഭവമാണ്.
നേരത്തേ ഇത്തരത്തില്‍ കുട്ടികളെ നാട് കടത്തിയ ചരിത്രവും ബ്രിട്ടനില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ആദ്യമായി 43 കുട്ടികള്‍ ഉള്‍പ്പെടെ 205 പേരെ ചാര്‍ട്ടര്‍ ചെയ്ത, വിമാനത്തില്‍ ബ്രസീലിലേക്ക് അയച്ചത്. ഓഗസ്റ്റ് 23ന് 30 കുട്ടികള്‍ ഉള്‍പ്പെടെ 206 പേരെയും സെപ്തംബര്‍ 27ന് 36 കുട്ടികള്‍ ഉള്‍പ്പെടെ 218 പേരെയും നാട്ടിലേക്ക് മടക്കി അയച്ചു.
നാട് കടത്തിയ കുട്ടികള്‍ എല്ലാം തന്നെ ഓരോ കുടുംബങ്ങളില്‍ പെട്ടവരാണ്. വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിരവധി പേരെ ജന്മനാട്ടിലേക്ക് മടക്കി അയച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ സ്വന്തമായി തീരുമാനം എടുത്തവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ മതിയായ പണവും നല്‍കിയിരുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം മൂവായിരം പൗണ്ട് വീതമാണ് നല്‍കിയത്. ഈ വര്‍ഷം ജൂലൈക്കും സെപ്തംബറിനും ഇടയില്‍ 8308 പേരാണ് ബ്രിട്ടനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 16 ശതമാനം വര്‍ദ്ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ലാറ്റിന്‍ അമേരിക്കക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനകള്‍ പലതും ബ്രിട്ടന്റെ ഈ നീക്കത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു രാജ്യത്ത് നിന്ന് മാത്രമുള്ള കുടിയേറ്റക്കാരെ മാത്രം എന്തിന് നാട് കടത്തുന്നു എന്നാണ് അവരുടെ ചോദ്യം. മാത്രമല്ല അവരുടെ കുട്ടികളുടെ പഠനവും ഇതോടെ മുടങ്ങിപ്പോകുന്ന കാര്യവും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ബ്രസീലില്‍ നിന്നുള്ളവരാണ് ഏറ്റുമധികം ഉളളത്. എന്നാല്‍ ബ്രക്സിറ്റിന് ശേഷം കുടിയേറ്റ നിയമങ്ങളില്‍ ഉണ്ടായ മാറ്റങ്ങളാണ് ഇവര്‍ക്ക് വിനയായി മാറിയത്.
സ്ത്രീകള്‍ക്ക് ബ്രസീല്‍ പോലെയുള്ള രാജ്യങ്ങള്‍ സുരക്ഷിതമല്ല എന്നതും മറ്റൊരു പ്രശ്നമാണ്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ബ്രസീലിലേക്ക് മടങ്ങിയവരില്‍ പലര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലായിരുന്നു എന്നും അവര്‍ ഇതിനായി നിര്‍ബന്ധിക്കപ്പെടുകയായിരുന്നു എന്നുമാണ് പറയപ്പെടുന്നത്.
0 Comments