സ്വന്തം ലേഖകൻ
ആലപ്പുഴ : ചേർത്തലയിലെ കടക്കരപള്ളിയിൽ ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടക്കരപള്ളി സ്വദേശി രതീഷ് ആണ് മരിച്ചത്. കുറ്റകൃത്യം നടത്തിയ അതേ വീട്ടിൽ തന്നെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള കേസിൻ്റെ വിചാരണ നടക്കവെയാണ് പ്രതിയുടെ മരണ വാർത്ത പുറത്തു വരുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് യുവതിയെ പ്രതി രതീഷ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
2021 ജൂലൈ 24 നാണ് കൊലപാതകം നടക്കുന്നത്. രതീശിൻ്റെ ഭാര്യ നേഴ്സായിരുന്നു. ഇവർ സംഭവ ദിവസം ജോലി ചെയ്യുന്ന ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിക്കായി പോയ സമയത്തായിരുന്നു വീട്ടിലേക്ക് വിളിച്ച് വരുത്തി യുവതിയെ രതീഷ് കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഇയാളുടെ ബന്ധുകൂടിയായ യുവതിയെയാണ് രതീഷ് വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. രാത്രിയായിട്ടും യുവതിയെ കാണാതെയായപ്പോൾ കുടുംബം നൽകിയ പൊലീസ് പരാതിയിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു എന്നാൽ പൊലീസ് ഇയാളെ രാത്രിയിൽ തന്നെ പിടികൂടി. ശേഷം ഇയാൾ ജാമ്യത്തിലിറങ്ങിയിരുന്നു. മൂന്നു വർഷങ്ങൾക്ക് ശേഷം കേസിൻ്റെ വിചാരണ ഈ കഴിഞ്ഞ ചൊവ്വാഴ്ച ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചിരുന്നു. എന്നാൽ പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് ഇന്ന് പുലർച്ചെ ഇയാളെ കടക്കരപള്ളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
0 Comments