സ്വന്തം ലേഖകൻ
കൊല്ലം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാടൻനടയിലെ കുടുംബ വീട്ടിൽ മോഷണം. പ്രദേശവാസികളായ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലായതായി സൂചന. ഇന്നലെ വൈകിട്ടാണ് സംഭവം. രണ്ടാഴ്ചയായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. വീടിനോട് ചേർന്നുള്ള ചായ്പ്പിൽ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളുമാണ് മോഷണം പോയതെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: കുടുംബവീട്ടിൽ സി.സി ടി.വി.ക്യാമറകൾ ഇല്ലായിരുന്നു. സുരേഷ് ഗോപിയുടെ സഹോദരന്റെ മകനും കുടുംബവും ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ രണ്ട് യുവാക്കൾ മതിൽ ചാടിപ്പോകുന്നത് കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.
തുടർന്ന് വൈകിട്ട് 3.30ന് ഇരവിപുരം പൊലീസിൽ പരാതി നൽകി. പൊലീസ് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇരവിപുരം ചകിരികട സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഇവർ സ്ഥിരം മോഷ്ടാക്കളാണെന്ന് പൊലീസ് പറഞ്ഞു. തിരിച്ചറിയൽ പരേഡ് ഉൾപ്പടെ നടത്തുമെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു.
0 Comments