സ്വന്തം ലേഖകൻ
കൊല്ലം : പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ കൊല്ലം കുണ്ടറയില്‍ നിന്നും നവവധു ഭര്‍ത്താവിനെതിരെ മര്‍ദ്ദന ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തി. വിവാഹം കഴിഞ്ഞ് അഞ്ചാംനാള്‍ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവ് നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. എന്നാല്‍, ആരോപണങ്ങള്‍ നിതിന്റെ കുടുംബം നിഷേധിച്ചു.
10 വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ നവംബര്‍ 25 നാണ് കുണ്ടറ സ്വദേശികളായ യുവതിയുടെയും നിതിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ചാം നാള്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. സ്വര്‍ണത്തിന്റെ പേരിലാണ് തര്‍ക്കമുണ്ടായതെന്നാണ് യുവതി പറയുന്നത്.
ശരീരമാസകലം അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്‌തെന്ന് യുവതി പറയുന്നു. സ്വര്‍ണം കൊണ്ടുവരാന്‍ പറഞ്ഞ് തന്നെ അടിച്ചിരുന്നുവെന്നും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസമുട്ടിച്ചുവെന്നും യുവതി പറഞ്ഞു. പരിക്കുകളോടെ 29ാം തീയതി ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ വെച്ച് സഹോദരനെ ഭര്‍ത്താവ് ആക്രമിച്ചെന്നും യുവതി പറയുന്നു.
യുവതി നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് നിതിനെതിരെ കേസെടുത്തു. എന്നാല്‍, നിസാര വകുപ്പുകളാണ് ചുമത്തിയതെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. അതേസമയം, പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നിതിന്റെ കുടുംബം നിഷേധിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും മര്‍ദ്ദന പരാതി അടിസ്ഥാന രഹിതമാണെന്നുമാണ് കുടുംബത്തിന്റെ വാദം.
0 Comments