banner

എൽഡിഎഫ് മുൻ കൺവീനർ ഇ.പിയുടെ ആത്മകഥാ വിവാദം; ഡി.സി. ബുക്സിനെതിരെ കേസ് എടുത്ത് പൊലീസ്; കേസ് മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവിയെ ഒന്നാം പ്രതിയാക്കി

ഇ.പിയുടെ ആത്മകഥാ വിവാദം: ഡി.സി. ബുക്സിനെതിരെ കേസ് എടുത്ത് പൊലീസ്; ഒന്നാം പ്രതി മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി


സ്വന്തം ലേഖകൻ
ഇ. പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡി.സി. ബുക്സിനെതിരെ കേസ് എടുത്ത് പൊലീസ്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് കേസ് എടുത്തത്. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ.വി. ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്.

ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിൽ നിന്നാണ് ആത്മകഥ ഭാഗങ്ങൾ ഡിസി വാങ്ങിയത്. രഘുനാഥ് ഉൾപ്പെടുത്താത്ത ഭാഗങ്ങൾ ഡിസി ബുക്സ് എഴുതി ചേർത്തെന്നും എഫ്ഐആറിൽ പറയുന്നു. കേസിൽ ഇ.പി. ജയരാജന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഡിസി ബുക്സ് ഉടമ രവി ഡി.സിയെയും ചോദ്യം ചെയ്യും.

ഇ.പിയുടേതെന്ന തരത്തിൽ ആത്മകഥ പുറത്തായതിൽ കേസെടുത്ത് അന്വേഷണം നടത്താൻ കോട്ടയം എസ്പിക്ക് എഡിജിപി മനോജ് എബ്രഹാം നിർദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ആത്മകഥാ വിവാദത്തിലെ അന്വേഷണ റിപ്പോ‍‍ർട്ട് കോട്ടയം എസ്പി, ഡിജിപിക്ക് കൈമാറിയിരുന്നു. 

വിഷയത്തില്‍ പൊലീസിന് നേരിട്ട് കേസെടുക്കാൻ ആവില്ലെന്നായിരുന്നു റിപ്പോ‍ർട്ടില്‍ പറഞ്ഞിരുന്നത്. ശ്രീകുമാറാണ് ആത്മകഥയിലെ ഭാഗങ്ങൾ ചോർത്തി നൽകിയതെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ.

ഉപതെരഞ്ഞെടുപ്പ് സമയത്ത് വലിയ ചർച്ചാ വിഷയമായ സംഭവമായിരുന്നു ഇ.പിയുടേത് എന്ന പേരില്‍ പുറത്തുവന്ന 'കട്ടന്‍ചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റിന്‍റെ ജീവിതം' എന്ന ആത്മകഥ. പിഡിഎഫ് ഫോർമാറ്റില്‍ പുറത്തുവന്ന ആത്മകഥയിലെ പല പരാമ‍ർശങ്ങളും സ‍ർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു. 

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസിലാക്കിയില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നുമായിരുന്നു ആത്മകഥയിലെ വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി. സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ടായിരുന്നു. 

എന്നാൽ, ഇത് താൻ എഴുതിയതല്ലെന്നാണ് ഇ.പി ജയരാജന്‍ ആദ്യം മുതൽ സ്വീകരിക്കുന്ന നിലപാട്. പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്ന് ഡിസി പരസ്യവും ഇറക്കിയിരുന്നു. എന്നാല്‍ പിഡിഎഫ് ചോർന്നതിനു പിന്നാലെ നിർമിതിയിലെ തടസങ്ങള്‍ കാരണം പ്രസിദ്ധീകരണം വൈകുമെന്ന് ഡിസി അറിയിക്കുകയായിരുന്നു.

Post a Comment

0 Comments