സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അനധികൃത ക്ലാസ് വിവാദത്തിൽ വിദ്യാർത്ഥികളിൽ അഡ്മിഷൻ ഫീസായി ഈടാക്കിയ തുക തിരികെ നൽകി കൈകഴുകി നീറ്റ് ഇന്ത്യ അക്കാദമി. അഷ്ടമുടി ലൈവ് ന്യൂസിൻ്റെ റിപ്പോർട്ടറെ ഫോൺ മുഖാന്തരം ബന്ധപ്പെട്ടാണ് സ്വകാര്യ നീറ്റ് പരിശീലന കേന്ദ്രം ഈ വിവരം അറിയിച്ചത്. അഡ്മിഷൻ ഫീസ് തങ്ങൾ 6 പേരുടെ കൈയ്യിൽ നിന്നാണ് വാങ്ങിയിട്ടുള്ളതെന്നും നാലു പേരുടെ പണം തിരികെ നൽകിയതായും 2 പേർ അക്കാദമിയിൽ പഠിക്കാൻ താല്പര്യപ്പെടുന്നതായി അറിയിച്ചതിനാൽ ഇവരുടെ തുക തിരികെ നൽകിയില്ലെന്നും നീറ്റ് ഇന്ത്യ അക്കാദമിയുടെ പ്രതിനിധിയായി വിളിച്ച അഖിൽ അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി. ഇതിൻ്റെ പേരിൽ സ്കൂളിനോ പ്രിൻസിപ്പാളിനോ ഒരു പ്രശ്നവും ഉണ്ടാകരുതെന്നും തങ്ങൾ കോർപ്പറേറ്റ് സ്ഥാപനമല്ല സാധാരണ സ്ഥാപനമാണെന്നും അദ്ദേഹം പറയുന്നു. കുട്ടികൾക്കായുള്ള പരീക്ഷയുടെ ക്വസ്റ്റ്യൻ പേപ്പർ പരിശോധിക്കാതെ നിങ്ങൾക്ക് അനുമതി നൽകിയത് സ്കൂൾ പ്രിൻസിപ്പലിൻ്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് റിപ്പോർട്ടർ ചൂണ്ടിക്കാട്ടി. എന്നാൽ ഇനി ആവർത്തിക്കില്ലെന്നും നിങ്ങൾ അത് വിട്ടുകളയാനുമായിരുന്നു അഖിലിന്റെ മറുപടി. കഴിഞ്ഞ ദിവസമായിരുന്നു അഞ്ചാലുംമൂട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അനധികൃത ക്ലാസ് നടത്തി അഡ്മിഷൻ ഫീസ് ആയി പണം വാങ്ങിയ വാർത്ത അഷ്ടമുടി ലൈവ് പുറത്തുവിട്ടത്. പിന്നാലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കുട്ടികളിൽ നിന്ന് ശേഖരിച്ചതായ തുക സ്വകാര്യസ്ഥാപനം തിരികെ നൽകുകയായിരുന്നു.
അതേ സമയം, ദിവസങ്ങൾക്കു മുമ്പുള്ള ഒരു വെള്ളിയാഴ്ച ദിവസമാണ് അഞ്ചാലുംമൂട് സർക്കാർ സ്കൂൾ അധികൃതരുടെ അറിവോടെ തിരഞ്ഞെടുത്ത 30 കുട്ടികൾക്കായി ക്ലാസ് മുറിയിൽ എൻട്രൻസ് മാതൃക പരീക്ഷ നടത്തിയത്. ഈ ക്ലാസിന്റെ മറവിൽ ഇവർ കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് പരീക്ഷയിൽ കുട്ടി ഉന്നത വിജയം നേടിയതായി അറിയിച്ചുകൊണ്ട് രക്ഷിതാക്കളെ ഈ സ്ഥാപനം ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി നീറ്റ് പരിശീലനത്തിനായി ഇവരുടെ സ്ഥാപനത്തിൽ ചേരണമെന്നും തങ്ങൾ അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ പറഞ്ഞിട്ടാണ് വരുന്നതെന്നും നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി ഉടൻ അഡ്മിഷൻ എടുക്കണമെന്നും അറിയിക്കുകയായിരുന്നു. അഡ്മിഷൻ ഫീസ് ആയി 2000 രൂപ ഉടൻ നൽകണമെന്നും ഇവർ അറിയിച്ചു. എന്നാൽ കാശില്ല എന്ന് പറഞ്ഞ രക്ഷിതാക്കളോട് തൊട്ടടുത്ത വീട്ടിൽനിന്ന് കടം വാങ്ങി നൽകാനും വിദ്യാഭ്യാസ കാര്യമായതിനാൽ അവർ നൽകുമെന്നും ഇവർ പറഞ്ഞതായി വിദ്യാർഥികൾ ഉൾപ്പെടെ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും പരാതി നൽകുമെന്ന് പൊതുപ്രവർത്തകനായ സജീവ് ജമാലുദ്ദീൻ അറിയിച്ചിരുന്നു. പിന്നാലെ സ്കൂൾ പ്രിൻസിപ്പൽ ഷൈജു ടി.എസ്, പിടിഎ പ്രസിഡണ്ട് ബൈജു.ആർ, പിടിഎ വൈസ് പ്രസിഡൻറ് ഷംനാർ തുടങ്ങിയവരുടെ പ്രതികരണം ഉൾപ്പെടുത്തി പുറത്തുവിട്ടിരുന്നു.
0 Comments