banner

എന്റെ രാഷ്ട്രീയജീവിതം അവഗണിക്കാൻ പറ്റുന്നതല്ലെന്നാണ് അർത്ഥം; കെ.സി. വേണുഗോപാലിൻ്റെ സന്ദർശനത്തിൽ പ്രതികരണവുമായി ജി. സുധാകരൻ

എന്റെ രാഷ്ട്രീയജീവിതം അവഗണിക്കാൻ പറ്റുന്നതല്ലെന്നാണ് അർഥം; കെ.സി. വേണുഗോപാലിൻ്റെ സന്ദർശനത്തിൽ പ്രതികരണവുമായി ജി. സുധാകരൻ

സ്വന്തം ലേഖകൻ
ആലപ്പുഴ : സി.പി.എം. നേതാവ് ജി. സുധാകരനെ സന്ദര്‍ശിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാല്‍. സുധാകരന്റെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. സി.പി.എമ്മില്‍ ജി. സുധാകരന്‍ അസംതൃപ്തനാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വേണുഗോപാലിന്റെ സന്ദര്‍ശനം.

അതേസമയം, അതൊരു സൗഹൃദസന്ദര്‍ശനമായിരുന്നെന്ന് കെ.സി. വേണുഗോപാല്‍ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. രാഷ്ട്രീയമായ എതിര്‍പ്പുകളുണ്ടെങ്കിലും വര്‍ഷങ്ങളായി സൗഹൃദമുണ്ട്. സുധാകരന് അതൃപ്തിയുണ്ടോയെന്ന് അദ്ദേഹമാണ് പറയേണ്ടതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

വേണുഗോപാലിന്റെ സന്ദർശനത്തിൽ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് ജി. സുധാകരന്‍ വിശദീകരിച്ചു. തന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ വന്നതാണ്. സ്വാഭാവിക സന്ദര്‍ശനമാണ്. വളരെക്കാലമായി രാഷ്ട്രീയത്തിലുള്ള ആളല്ലേ. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനം മാത്രമേ ഒഴിഞ്ഞിട്ടുള്ളൂ. എനിക്കെന്തിനാണ് അസംതൃപ്തി? പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും പാര്‍ട്ടി വിട്ടുപോകുന്നവര്‍ക്കുമെല്ലാം എന്നെപ്പറ്റി പറയേണ്ടിവരുന്നു.

എന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാന്‍ പറ്റുന്നതല്ല എന്നേ അതിനര്‍ഥമുള്ളൂവെന്നും, കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട ബിപിന്‍ സി. ബാബുവിന്റേയും ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്റേയും പരാമര്‍ശങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോട് ജി. സുധാകരന്‍ പ്രതികരിച്ചു. പാര്‍ട്ടിയില്‍ ജി. സുധാകരന്റെ അവസ്ഥ ദയനീയമാണെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ബിപിന്‍ പറഞ്ഞിരുന്നു.

നേരത്തെ, മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യുന്നതില്‍നിന്ന് സുധാകരന്‍ പിന്മാറിയിരുന്നു. പുന്നപ്രയിലെ സുധാകരന്റെ വസതിയില്‍വെച്ചായിരുന്നു ക്യാമ്പയിനിന്റെ ഉദ്ഘാടനം നടക്കേണ്ടിയിരുന്നത്. വിവാദത്തിന് താത്പര്യമില്ലെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം.

Post a Comment

0 Comments