banner

ബസിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച സഹോദരിമാർ അറസ്റ്റിൽ

ബസിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച സഹോദരിമാർ അറസ്റ്റിൽ

സ്വന്തം ലേഖകൻ
കൊല്ലം : സ്വകാര്യ ബസിൽ യാത്രക്കാരുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ മൂന്ന് സഹോദരിമാർ അറസ്റ്റിൽ. കോയമ്പത്തൂർ പുളിയിലകോവിൽ തെരുവിൽ സാറ (40), മേഖല (38), വേലമ്മ (47) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

ഇന്നലെ രാവിലെ 9.30ന് ചക്കുവള്ളിയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് വരികയായിരുന്ന സഫിയ ബീവിയുടെ മൂന്ന് പവന്റെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ബസ് അരമത്തുമഠത്ത് എത്തിയപ്പോൾ പ്രതികൾ ബോധപൂർവം തിരക്കുണ്ടാക്കി. ഈ സമയം മേഖല സീറ്റിന്റെ കമ്പിയിൽ പിടിച്ചുനിന്ന് സഫിയബീവിയുടെ തല ഇടതുവശത്തേക്ക് മാറ്റി. സാറ തന്ത്രപൂർവം മാലയുടെ കൊളുത്ത് ഇളക്കാൻ ശ്രമിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാർ ബഹളം വച്ചതോടെ പ്രതികളായ മൂന്നുപേരും മാല ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ ബസിലുള്ളവർ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തഴവ പൊലീസ് ഔട്ട് പോസ്റ്റിലെ എ.എസ്.ഐ രഞ്ജിനിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പിടിയിലായവർ നിരവധി കേസുകളിലെ പ്രതികളാണ്.

Post a Comment

0 Comments