സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ധന പര്യവേക്ഷണത്തിനുള്ള സൗകര്യങ്ങൾ വിലയിരുത്താൻ കരാർ കമ്പനി പ്രതിനിധികൾ ഈയാഴ്ച കൊല്ലം പോർട്ട് സന്ദർശിക്കും. ആഴക്കടലിൽ കൂറ്റൻ കിണർ നിർമ്മിച്ച് പര്യവേക്ഷണത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന യു.കെ ആസ്ഥാനമായ ഡോൾഫിൻ ഡ്രില്ലിംഗിൽ നിന്ന് ചില പ്രവൃത്തികൾ ഉപകരാറെടുത്തിരിക്കുന്ന കമ്പനിയുടെ പ്രതിനിധികളാണ് എത്തുന്നത്.
കൊല്ലം തീരത്തിന് പുറമേ ആൻഡമാൻ, ആന്ധ്ര എന്നിവിടങ്ങളിലെ ഇന്ധന പര്യവേക്ഷണത്തിന്റെ കരാറും ഡോൾഫിൻ ഡ്രില്ലിംഗ് ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഡോൾഫിൻ ഡ്രില്ലിംഗിന്റെ കൂറ്റൻ റിഗായ ബ്ലോക്ക്ഫോർഡ് ഡോൾഫിൻ ഒക്ടോബറിൽ ആൻഡമാനിൽ എത്തിയിരുന്നു. അവിടെ ഇന്ധന പര്യവേക്ഷണത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. അവിടെ പര്യവേക്ഷണം പൂർത്തിയാകുന്നതിന് പിന്നാലെ കൊല്ലത്ത് തുടങ്ങുമെന്നതിന്റെ സൂചനയായാണ് ഉപകരാർ കമ്പനി പ്രതിനിധികൾ പോർട്ടിലെത്തുന്നത്.പര്യവേക്ഷണ മേഖലയിൽ നിന്ന് ബോട്ടുകളും മറ്റ് യാനങ്ങളും അകറ്റാൻ ചുറ്റും ചെറുകപ്പലുകളുടെ ഭ്രമണം, പര്യവേക്ഷണ കപ്പലിന് ഇന്ധനവും ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കൽ, കൂറ്റൻ പൈപ്പ് ലൈൻ സംഭരണം എന്നിവ കൊല്ലം പോർട്ട് കേന്ദ്രീകരിച്ചാകും നടക്കുക. പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന കൂറ്റൻ പൈപ്പ് ലൈനുകൾ സംഭരിക്കുന്നതും കൊല്ലം പോർട്ടിലായിരിക്കും.
സൗകര്യങ്ങൾ പരിശോധിക്കും
വലിയ തുറമുഖങ്ങളേക്കാൾ കുറഞ്ഞ നിരക്കിൽ കൊല്ലം പോർട്ടിൽ സേവനം ലഭ്യമാകും
പര്യവേക്ഷണത്തിനുള്ള ഒരുക്കങ്ങളും പോർട്ട് കേന്ദ്രീകരിച്ച് കൂറ്റൻ യാർഡിന് പുറമേ ഓഫീസും സജ്ജീകരിക്കണം
ഇതിനുള്ള സൗകര്യങ്ങളാകും ഉപകരാർ കമ്പനി പ്രതിനിധികൾ പരിശോധിക്കുക
ക്രൂയിസ് സ്വപ്നവുമായി പുതിയ സംഘം
കൊല്ലം പോർട്ടിൽ നിന്ന് പുറം കടലിലേക്ക് ക്രൂയിസ് സർവീസ് ആരംഭിക്കാനുള്ള പദ്ധതിയുമായി കൊല്ലത്തെ ബിസിനസ് ഗ്രൂപ്പ് ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ കൊച്ചി ഓഫീസിനെ ബന്ധപ്പെട്ടു. ചെറിയ അഡംബര കപ്പൽ പുതുതായി നിർമ്മിച്ച് സർവീസ് നടത്താനാണ് ആലോചന. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലായ നെഫർറ്റിറ്റി ഇപ്പോൾ കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന സർവീസിന് സമാനമായ പുറം കടൽ യാത്രയാണ് ലക്ഷ്യം.
ക്രൂയിസ് സർവീസിൽ
കാസിനോ
അമ്യൂസ്മെന്റ് പാർക്ക്
എ.സി മുറികൾ, ഹാളുകൾ
ചടങ്ങുകൾ, യോഗങ്ങൾ
0 Comments