സ്വന്തം ലേഖകൻ
ഒന്നര വർഷത്തിലേറെയായി മണിപ്പൂരിൽ അരങ്ങേറുന്ന വംശീയ സംഘർഷങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ബീരേൻ സിംഗ്. സംസ്ഥാനത്തുണ്ടായ ദൗർഭാഗ്യകരമായ സംഭവവികാസങ്ങളിൽ ദുഖമുണ്ടെന്നും ജനങ്ങളോട് മാപ്പ് പറയുന്നതായും അദ്ദേഹം പറഞ്ഞു. വരും വർഷത്തിൽ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ കഴിയുമെന്ന ശുഭവിശ്വാസമുണ്ടെന്നും ബീരേൻ സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.
“ഈ വർഷം മുഴുവനും ദൗർഭാഗ്യകരമായിരുന്നു. കഴിഞ്ഞ മെയ് മൂന്നു മുതൽ ഇന്നുവരെ സംഭവിച്ചതിന് സംസ്ഥാനത്തെ ജനങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു. നിരവധി ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നിരവധിപ്പേർക്ക് സ്വന്തംവീടുകൾ ഉപേക്ഷിക്കേണ്ടതായി വന്നു. എനിക്ക് ദുഖമുണ്ട്. ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് നാല് മാസമായി സംസ്ഥാനത്ത് സമാധാനം തിരിച്ചുവരാനുള്ള സൂചനകളാണ് കാണുന്നത്. 2025 ൽ സംസ്ഥാനത്ത് സാധാരണ നില പുനസ്ഥാപിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു” – ബിരേൻ സിംഗ് പറഞ്ഞു.
“സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും പറയുകയാണ്, സംഭവിച്ചതെല്ലാം സംഭവിച്ചു. നിങ്ങൾ മുൻകാല തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും വേണം. 35 ഗോത്രങ്ങളും ഒരുമിച്ചു ഐക്യത്തോടെ കഴിയുന്ന സമാധാനവും സമൃദ്ധിയും നിറഞ്ഞ മണിപ്പൂരിൽ നമ്മൾ ഒരു പുതിയ ജീവിതം ആരംഭിക്കണം” – മണിപ്പൂർ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കാനുള്ള തീരുമാനമായിരുനു മണിപ്പൂരിനെ സംഘര്‍ഷഭരിതമാക്കിയത്. ഇതിനെതിരെ കുക്കി വിഭാഗക്കാർ നടത്തിയ പ്രതിഷേധമാണ് പിന്നീട് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഒന്നര വർഷത്തിലധികമായി തുടരുന്ന ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 220ലേറെ ആളുകളാണ് മരിച്ചത്.
0 Comments