സ്വന്തം ലേഖകൻ
ആലപ്പുഴ : ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ തന്റെ രണ്ടു വയസ്സു മാത്രം പ്രായമുള്ള മകളെ നവംബർ 13 നാണ് രഞ്ജിത ഉപേക്ഷിച്ച് പോയത്. താമരക്കുളം സ്വദേശിയായ യുവാവുമായി പ്രണയിച്ച് വിവാഹം കഴിച്ച രഞ്ജിത രണ്ടു വർഷം മുൻപ് ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. അതിൽ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചു പോയി. ഇരട്ടകളിൽ ഒരു കുഞ്ഞിന് ജന്മനാ ജനിതക വൈകല്യം മൂലമുള്ള രോഗങ്ങൾ കാരണം ചികിത്സയിലായിരുന്നു.
ഭർത്താവ് വിദേശത്ത് ആയതിനാൽ ഭർത്താവിന്റെ പിതാവിനോടും മാതാവിനോടും ഒപ്പമാണ് രഞ്ജിത താമസിച്ചിരുന്നത്. കുഞ്ഞിനെ കഴിഞ്ഞ 13 ന് രാത്രി എട്ടു മണിക്ക് ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് ഇവർ പോവുകയായിരുന്നു. മുലപ്പാൽ മാത്രം ഭക്ഷണമായി നൽകിയിരുന്നതിനാൽ കുഞ്ഞിനെ ഭർത്താവിന്റെ മാതാവും പിതാവുമാണ് സംരക്ഷിച്ചത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലും മറ്റും ചികിത്സയും നൽകി. ഇതിനിടെ മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ ആയതിനാൽ രഞ്ജിതയെ വിളിച്ചു വരുത്താൻ ശ്രമിച്ചെങ്കിൽ ഇവർ എത്തിയില്ല.തുടർന്നായിരുന്നു പോലീസിൽ പരാതി നൽകിയത്.
ബാലനീതി നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുഞ്ഞിനെ സംരക്ഷിക്കണമെന്ന പൊലീസ് നിർദ്ദേശവും രഞ്ജിത തള്ളിയതോടെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments