സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി രണ്ടിന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30ന് രാജ്ഭവന് ഓഡിറ്റോറിയത്തില്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എ എന്‍ ശംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.
കേരളത്തിൻ്റെ 23ാമത് ഗവർണറായാണ് രാജേന്ദ്ര അർലേക്കർ സ്ഥാനമേൽക്കുന്നത്. ഗോവയില്‍ നിന്നുള്ള ബിജെപി നേതാവാണ് അർലേക്കര്‍. 1954 ഏപ്രിൽ 23ന് പനാജിയിലാണ് ജനനം. കുട്ടിക്കാലം മുതൽ ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അർലേക്കർ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. ദീർഘകാലം ആർഎസ്എസ് ചുമതലകൾ വഹിച്ച അർലേക്കർ 1989 ൽ ബിജെപി അംഗത്വം നേടി.
ബിജെപി കേന്ദ്ര നേതൃത്വവുമായി വളരെ അടുത്ത ആത്മബന്ധം സൂക്ഷിക്കുന്ന നേതാവാണ് അർലേക്കർ. 2012-ൽ ഗോവ നിയമസഭാ സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപറേഷൻ ചെയർമാനായും,ഗോവ ബിജെപി യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയായും, ബിജെപി സൗത്ത് ഗോവ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ മനോഹര്‍ പരീക്കര്‍, കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായപ്പോൾ ഗോവ മുഖ്യമന്ത്രി പദത്തിലേക്ക് രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൻ്റെ പേരായിരുന്നു ഉയർന്നുകേട്ടത്.
ഗോവ ലെജിസ്ലേറ്റീവ് അസംബ്ലിയെ 'കടലാസ് രഹിതമാക്കിയ ആദ്യ സംസ്ഥാന അസംബ്ലി' എന്ന ബഹുമതിക്ക് അർഹരാക്കിയത് അർലേക്കറാണ്. രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായിരുന്നു ഗോവയിലേത്. 2015 ഒക്ടോബറിൽ വനം, പരിസ്ഥിതി, പഞ്ചായത്ത് മന്ത്രിയായി നിയമിതനായ അർലേക്കർ 2017 വരെ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2021 ജൂലൈ 6ന് ഹിമാചൽ പ്രദേശ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. 2023 ഫെബ്രുവരിയിൽ ബിഹാറിൻ്റെ 29ാമത് ഗവർണറായും ചുമതലയേറ്റു.
0 Comments