സ്വന്തം ലേഖകൻ
കൊല്ലം : വെള്ളയിട്ടമ്പലം ജംഗ്ഷൻ മുതൽ രാമൻകുളങ്ങര വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാരുടെ നടുവൊടിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. തിരുവനന്തപുരം ഭാഗത്ത് നിന്ന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനടുത്തുകൂടി ആലപ്പുഴ ഭാഗത്തേക്ക് പോകാനും ആലപ്പുഴ ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകാനുമായി വാഹനങ്ങൾ തിരിഞ്ഞുപോകുന്ന തിരക്കേറിയ ജംഗ്ഷനാണ് വെള്ളയിട്ടമ്പലം. ഇവിടെയാണ് റോഡ് പൂർണമായും തകർന്ന് കുഴികൾ നിറഞ്ഞിരിക്കുന്നത്. പല കുഴികളും ഗർത്തങ്ങളായി. നേരം ഇരുട്ടിയാൽ ഇവ പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. വെള്ളയിട്ടമ്പലത്ത് നിന്ന് രാമൻകുളങ്ങര എത്തുന്നതുവരെ റോഡിന്റെ പലഭാഗത്തും വലിയ കുഴികളാണുള്ളത്. ബി.എസ്.എൻ.എൽ ഓഫീസ്, ഹോട്ടലുകൾ, ബാങ്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് റോഡിന്റെ ഇരുവശത്തുമായുള്ളത്. തകർന്ന റോഡിൽ നിന്ന് കല്ലുകളും മെറ്റിൽ കഷ്ണങ്ങളും ഇളകി പലഭാഗത്തായി ചിതറിക്കിടക്കുകയാണ്. റോഡിന്റെ വശങ്ങളിലെ ഉയരവ്യത്യാസവും അപകട സാദ്ധ്യത വർദ്ധിപ്പിച്ചു.മഴപെയ്താൽ കുഴി കുളമാകുംമഴ അല്പം പെയ്താൽ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കുളമാകും. ടാറില്ലാത്തതിനാൽ പൊടിശല്യവും രൂക്ഷമാണ്. ഈ ഭാഗങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. ഇതുവഴി സ്ഥിരം കടന്നുപോകുന്ന വാഹനങ്ങൾക്ക് അറ്റകുറ്റപ്പണിയും പതിവായി. പി.ഡബ്ല്യു.ഡി എൻ.എച്ചാണ് റോഡ് നവീകരണം നടത്തേണ്ടത്. കാങ്കത്തുമുക്ക്, ആനന്ദവല്ലീശ്വരം, ഇരുമ്പുപാലത്തിന് സമീപം എന്നിവിടങ്ങളിലും സമാനമായ അവസ്ഥയാണുള്ളത്.
ദിവസവും ഒട്ടേറെപ്പേരാണ് കുഴിയിൽ വീഴുന്നത്. റോഡിലൂടെയും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. എത്രയും വേഗം പരിഹാരം കാണണം.
0 Comments