Latest Posts

അഭിനയം നിർത്തുന്നുവെന്ന് ട്വൽത് ഫെയ്ൽ നായകൻ; കാരണമിതാണ്‌

അഭിനയം നിർത്തുന്നുവെന്ന് ട്വൽത് ഫെയ്ൽ നായകൻ; കാരണമിതാണ്‌

സ്വന്തം ലേഖകൻ
മുംബൈ : പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ചിത്രങ്ങളുമായി കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ അഭിനയത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. പുതിയ ചിത്രം ദി സബര്‍മതി റിപ്പോര്‍ട്ട് ബോക്‌സ് ഓഫീസില്‍ ശ്രദ്ധനേടുന്നതിനിടെയാണ്, 37-ാം വയസില്‍ താരം അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2025-ല്‍ വരുന്ന ചിത്രങ്ങളായിരിക്കും അവസാന സിനിമകളെന്നും നടന്‍ വ്യക്തമാക്കി. ട്വല്‍ത് ഫെയ്ല്‍, സെക്ടര്‍ 36 തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീരപ്രകടനംകൊണ്ട് കൈയ്യടി നേടിയ താരത്തിന്റെ വിരമിക്കലിന്റെ ഞെട്ടലിലാണ് ആരാധകര്‍.

”അസാധാരണമായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. പക്ഷേ, മുന്നോട്ട് നോക്കുമ്പോള്‍ ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കൂടാതെ ഒരു അഭിനേതാവ് എന്ന നിലയിലും. 2025-ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് ചിത്രങ്ങളും ഒരുപാട് ഓര്‍മകളുമുണ്ട്. ഒരിക്കല്‍ക്കൂടി നന്ദി.”- വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ടെലിവിഷനിലൂടെ തന്റെ കരിയര്‍ ആരംഭിച്ച വിക്രാന്ത് മാസി 2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് അഭിനയരംഗത്തേക്ക് കടന്നു. ധരം വീര്‍, ബാലികാവധു, ബാബ ഐസോ വര്‍ ധൂണ്ടോ, ഖുബൂല്‍ ഹേ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. ബാലികാ വധുവില്‍ ശ്യാം സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മാസി വലിയ പ്രക്ഷകപ്രശംസ നേടി.

2013-ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മിര്‍സാപൂര്‍ പരമ്പരയിലെ പ്രകടനം കരിയറിലെ പ്രധാന വഴിത്തിരിവായിരുന്നു. മലയാളചിത്രം ഫോറന്‍സികിന്റെ റീ മേക്കില്‍ അഭിനയിച്ചു. ട്വല്‍ത് ഫെയ്ല്‍, സെക്ടര്‍ 36, സബര്‍മതി എക്‌സ്പ്രസ് എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു.

0 Comments

Headline