banner

ഗൂഗിളിൽ പാരസെറ്റാമോള്‍ തിരഞ്ഞത് പനിയായതിനാല്‍; ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന് പ്രതിഭാഗത്തിന്റെ വാദം; ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ - ഫൊറന്‍സിക് തെളിവുകളും ഉയർത്തി വാദം തുടർന്ന് പ്രോസിക്യൂഷന്‍; കേരളം ഞെട്ടിയ ഷാരോണ്‍ രാജ് വധക്കേസില്‍ ജനുവരി 17 ന് വിധി

ഷാരോണ്‍ രാജ് വധക്കേസില്‍ ജനുവരി 17 ന് വിധി

സ്വന്തം ലേഖകൻ
പാറശ്ശാല : ഷാരോണ്‍ രാജ് വധക്കേസില്‍ ജനുവരി 17 ന് വിധി പ്രസ്താവിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം ബഷീര്‍ മുമ്പാകെ മൂന്ന് ദിവസങ്ങളായി നടന്ന വിസ്താരത്തിന് ശേഷമാണ് ജനുവരി 17ന് വിധി പ്രഖ്യാപിക്കുന്നത്.

ഒന്നാം പ്രതി ഗ്രീഷ്മക്കെതിരേ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ് വിനീത് കുമാര്‍ വാദിച്ചു. ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവും മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ അമ്മാവനുമായി നിര്‍മ്മലകുമാരന്‍ നായരും തെളിവു നശിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.

ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജ്യൂസില്‍ വിഷം ചേര്‍ത്ത് ‘ജ്യൂസ് ചലഞ്ച്’ നടത്തിയിരുന്നു. അന്ന് ജ്യൂസിന് കയ്പ്പായതിനാല്‍ ഷാരോണ്‍ പൂര്‍ണമായി ഉപയോഗിച്ചില്ല. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്തത്. ജ്യൂസ് ചലഞ്ചിന് മുന്‍പായി പാരസെറ്റമോളിനെ കുറിച്ച് ഗ്രീഷ്മ ഗൂഗിളില്‍ തിരഞ്ഞത് പനി ആയതുകൊണ്ടാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.

ആത്മഹത്യാ പ്രവണതയുള്ള ഒന്നാംപ്രതി ആത്മഹത്യ ചെയ്യുന്നതിനായി പാരക്വറ്റ് എന്ന വിഷത്തെക്കുറിച്ച് സെര്‍ച്ച് ചെയ്തതാണെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. മുഖം കഴുകാനായി ശൗചാലയത്തില്‍ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോണ്‍ രാജ് കുടിച്ചശേഷം വീട്ടില്‍ നിന്നും പുറത്തേക്ക് പേവുകയായിരുന്നവെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഈ വാദങ്ങളൊക്കെ കെട്ടുകഥകളാണെന്നും, ഡിജിറ്റല്‍ തെളിവുകളുടെയും മെഡിക്കല്‍ തെളിവുകളുടെയും, ഫോറന്‍സിക് തെളിവുകളുടെയും, അടിസ്ഥാനത്തില്‍ സാഹചര്യങ്ങളും പ്രതികള്‍ക്കെതിരേയുള്ള കുറ്റം പൂര്‍ണമായും തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

Post a Comment

0 Comments