banner

ഇന്ത്യയിലും എച്ച്എംപിവി രോഗം സ്ഥിരീകരിച്ചു; രോഗികൾക്ക് ചൈനയുമായി ബന്ധമില്ല; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
ചെന്നൈ : ബംഗളൂരുവിലും അഹമ്മദാബാദിലും പിന്നാലെ ചെന്നൈ നഗരത്തിലും എച്ച്എംപിവി സ്ഥിരീകരിച്ചു. ചുമ, ശ്വാസതടസം ഉൾപ്പടെയുള്ള പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികൾ സുഖം പ്രാപിച്ച് വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനും ബംഗളൂരുവിൽ മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, എച്ച്എംപി വൈറസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് കണ്ടുവരുന്ന വൈറസ് ബാധ മാത്രമാണിതെന്നും എല്ലാ വർഷവും ഇത് റിപ്പോർട്ട് ചെയ്യാറുണ്ടെന്നുമാണ് അവർ പറയുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് ഈ വൈറസ് ബാധ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജലദോഷത്തിന് സമാനമായ അസ്വസ്ഥതകളാണ് രോഗികൾക്ക് ഉണ്ടാകാറുള്ളതെന്ന് അരോഗ്യ വിദഗ്ധർ അറിയിച്ചു.

എച്ച്എംപിവി വ്യാപന ആശങ്കയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയിരിക്കുകയാണ് രാജ്യതലസ്ഥാനം. എച്ച്എംപിവി മൂലമുണ്ടായേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ സജ്ജമാകണമെന്ന് ഡൽഹി ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ (എസ്എആർഐ) കേസുകളുടെയും ലാബിൽ സ്ഥിരീകരിച്ച ഇൻഫ്ളുവൻസ കേസുകളുടെയും വിശദമായ വിവരങ്ങൾ സൂക്ഷിക്കാൻ ആരോഗ്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. പാരസെറ്റമോൾ, ആന്റിഹിസ്റ്റാമൈൻ, ബ്രോങ്കോഡൈലേറ്റർ, കഫ് സിറപ്പ് തുടങ്ങിയ മരുന്നുകൾ സ്റ്റോക്ക് ചെയ്യണം, ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണം, അവശ്യ കേസുകളിൽ ഐസൊലേഷൻ നിർബന്ധമാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.

Post a Comment

0 Comments