banner

യുവതിയും കുട്ടികളും താമസിക്കുന്ന വീട്ടിലേക്കുള്ള വഴി അയൽക്കാരൻ പാറ കൊണ്ട് വന്നിറക്കി അടച്ചതായ ആരോപണം വാർത്തയാക്കിയ സംഭവം...!, അഷ്ടമുടി ലൈവിനെതിരെ മാനനഷ്ടത്തിന് തൃക്കരുവ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുടെ 25 ലക്ഷത്തിന്റെ വക്കീൽ നോട്ടീസ്, മാപ്പ് പറയണമെന്ന് ആവശ്യം

Published from Blogger Prime Android App

സ്വന്തം ലേഖകൻ 
അഞ്ചാലുംമൂട് : യുവതിയും കുട്ടികളും താമസിക്കുന്ന വീട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തി പാറ കൊണ്ട് വന്നിറക്കി അടച്ചതായ ആരോപണം വാർത്തയാക്കിയ സംഭവത്തിൽ അഷ്ടമുടി ലൈവിനെതിരെ വക്കീൽ നോട്ടീസ്. തൃക്കരുവ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ്സിൻ്റെ പ്രാദേശിക നേതാവുമായ രാമചന്ദൻ പിള്ളയാണ് മാനനഷ്ടം ഉണ്ടായതായി കാണിച്ച് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചത്. വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും രാമചന്ദ്രൻ പിള്ളയോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്നും കാണിച്ചാണ് അഭിഭാഷകനായ ഷൈൻ മുഖേന രാമചന്ദ്രൻ പിള്ള വക്കീൽ നോട്ടീസ് അയച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി അഷ്ടമുടി ലൈവിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരെയാണ് ഇതേ മാസം തന്നെ നോട്ടീസ് എത്തിയത്.

ഇഞ്ചവിളയിൽ യുവതിയും കുട്ടികളും താമസിക്കുന്ന വീട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ ലോറിയിൽ പാറ കൊണ്ട് വന്നിറക്കി അടച്ചതായ പരാതിക്കാരിയുടെ ആരോപണം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഷ്ടമുടി ലൈവ് വാർത്തയാക്കിയിരുന്നു. ഇഞ്ചവിള മാക്രിയില്ലാക്കുളത്തിന് സമീപം രേഷ്മ ഭവനത്തിൽ രേഷ്മയുടെ വീട്ടിലേക്കുള്ള വഴി അയൽവാസിയായ കോൺഗ്രസ്സ് നേതാവ് പാറകൊണ്ടിറക്കി തടസ്സപ്പെടുത്തിയെന്നായിരുന്നു രേഷ്മയുടെ ആരോപണം. ഈ കുടുംബം വർഷങ്ങളായി നടവഴിയായി ഉപയോഗിച്ച സ്ഥലമാണ് ആശുപത്രിയിൽ പോയ സമയത്ത് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കെട്ടി അടച്ചതെന്ന് യുവതി അന്ന് ആരോപിച്ചിരുന്നു. തുടർന്ന് രാമചന്ദ്രൻ പിള്ളയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെ പേര് നൽകാതെ സംഭവം അഷ്ടമുടി ലൈവ് വാർത്തയാക്കുകയായിരുന്നു. വാർത്തയിൽ കോടതി നടപടികളെ സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരാമർശം ഉണ്ടായി എന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നുണ്ട്. തുടർന്ന് വിഷയത്തിൽ അഭിഭാഷകനിൽ  നിന്ന് നിയമോപദേശം ലഭിച്ചതോടെ അഷ്ടമുടി ലൈവ് ന്യൂസ് മറുപടി നൽകിയിരുന്നു.

Post a Comment

0 Comments