banner

ജില്ലാ വികസന സമിതി ചേര്‍ന്നതോടെ ജനകീയ പ്രശ്‌നങ്ങളില്‍ പരിഹാര നിര്‍ദ്ദേശം; ഭവനരഹിതര്‍ക്ക് വീട് നല്‍കാന്‍ 2.62 ഏക്കര്‍ ഭൂമി കണ്ടെത്തി; പാലിയേറ്റീവ് കെയറുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും

Published from Blogger Prime Android App

സ്വന്തം ലേഖകൻ
കൊല്ലം : ജില്ലയിലെ വിവിധ മേഖലകളിലെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ജില്ലാ വികസന സമിതി യോഗം പരിഹാരങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി.  ആശ്രാമം മുനീശ്വരന്‍ കോവില്‍ റോഡില്‍നിന്ന് ശാന്തിനഗര്‍ കോളനിക്ക് സമീപം കറവാന്‍പാലം ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്നും അഞ്ചുമാസത്തിനിടെ മൂന്ന് മരണമാണ് ഇവിടെ ഉണ്ടായതെന്നും ചൂണ്ടിക്കാട്ടിയ പി.എസ്.സുപാല്‍ എം.എല്‍.എ, അപകടങ്ങള്‍ ഒഴിവാക്കാന്‍ പി.ഡബ്ലു.ഡി അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അമിത വേഗതയും റോഡിന് നടുവില്‍ ബസുകള്‍ നിര്‍ത്തുന്നതും തടയണം. ഇതിനായി ബസുടമകളുടെ യോഗം വിളിക്കണം. ട്രാഫിക് സേഫ്റ്റി ഫണ്ടില്‍നിന്ന് തുക അനുവദിച്ച് പുനലൂരില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം റൗണ്ട്എബൗട്ട് സ്ഥാപിക്കണം. ആദിവാസി മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ വേതനം ലഭിക്കാതെ ദുരിതത്തിലാണെന്നും തെന്മല, ആര്യങ്കാവ്, കുളത്തുപ്പുഴ പ്രദേശങ്ങളിലെ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് 40 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡലകാലത്ത് അപകടത്തില്‍ പെടുന്നവര്‍ക്കുള്ള ദേവസ്വം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൊല്ലം ജില്ലയെയും ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ വേണം. പുനലൂര്‍ തൊളിക്കോട് ജനവാസ മേഖലയില്‍ ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിക്കാനിരിക്കുന്നതിനെതിരെ സമരം ശക്തമാണെന്നും പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയപാത പ്രവൃത്തി കാരണം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തുന്നവര്‍ പ്രയാസം അനുഭവിക്കുന്നതായും പ്രവൃത്തി ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് പരാതികളുണ്ടെന്നും സി.ആര്‍ മഹേഷ് എം.എല്‍.എ ചൂണ്ടിക്കാട്ടി. ഓച്ചിറ-ആയിരംതെങ്ങ് റോഡ് പ്രവൃത്തി മുടങ്ങിക്കിടക്കുകയാണ്. പൊടിശല്യവും മറ്റും കാരണം ദുരിതത്തിലായ നാട്ടുകാര്‍ സത്യഗ്രഹം തുടങ്ങി. പുതിയകാവ്-കാടിക്കടവ് റോഡിലും കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. കുടിവെള്ള പ്രശ്നം രൂക്ഷമാകുന്നതിന് മുമ്പ് സംവിധാനങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കുറഞ്ഞെന്ന എം.എല്‍.എയുടെ പരാതിയില്‍ രേഖാമൂലം വിശദീകരണം തേടും.

ഭവനരഹിതര്‍ക്ക് സ്ഥലവും വീട് നല്‍കാന്‍ 2.62 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായ പദ്ധതികളുടെ പുരോഗതി ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കണം. ഓഫീസുകള്‍ ഹരിത സൗഹൃദമാണെന്നും മാലിന്യമുക്തമാണെന്നും വകുപ്പ് മേധാവികള്‍ ഉറപ്പുവരുത്തുകയും പ്രഖ്യാപനം നടത്തുകയും വേണം. പാലിയേറ്റീവ് കെയറുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്ന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും കളക്ടര്‍ അറിയിച്ചു.

സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് കൊട്ടാരക്കര ബൈപാസിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പ്രതിനിധി പി.കെ. ജോണ്‍സന്‍ ആവശ്യപ്പെട്ടു. വെളിയം ഐ.ടി.ഐയുടെ വികസനത്തിന് തടസ്സമായ കാര്യങ്ങള്‍ പരിഹരിക്കാന്‍ കളക്ടറുടെ ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.

പുനലൂര്‍-കൊല്ലം റെയില്‍വേ ലൈനില്‍ രാവിലെയും വൈകീട്ടും വന്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ഇത് പരിഹരിക്കാന്‍ പുതിയ ട്രെയിനോ കൂടുതല്‍ ബോഗികളോ അനുവദിക്കാന്‍ നടപടി വേണമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രതിനിധി പി.എ സജിമോന്‍ ആവശ്യപ്പെട്ടു. പത്തനാപുരം ബൈപാസ് റോഡിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണം. വിളക്കുടി പഞ്ചായത്തിലെ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ അടിയന്തര നടപടി വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. കുന്നത്തൂര്‍, ചീക്കല്‍കടവ്, കടപുഴ പാലങ്ങളില്‍ ആത്മഹത്യ വര്‍ധിക്കുന്നതിനാല്‍ കൈവരി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് സ്റ്റാഫില്ലെന്നും ശുചീകരണ തൊഴിലാളികള്‍ക്ക് മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി കെ.എസ് വേണുഗോപാല്‍ ആവശ്യപ്പെട്ടു. കെ.എം.എം.എല്‍ സ്പോഞ്ച് യൂണിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.

സുനാമി കോളനികളിലെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്ന് കെ.സി വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കുണ്ടറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും പൊറ്റക്കര കുടിവെളള പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നും പി.സി.വിഷ്ണുനാഥ് എം.എല്‍.എയുടെ പ്രതിനിധി ബാബുരാജ് ആവശ്യപ്പെട്ടു.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നാലേക്കര്‍ ഭൂമിയില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതി കെ.എസ്.ഇ.ബി അധികൃതര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്ലാനിങ് ഓഫീസര്‍ ടി.ജെ. ആമിന നിര്‍ദേശങ്ങള്‍ നല്‍കി. മാലിന്യമുക്ത നവകേരളം പദ്ധതി അവലോകനവും യോഗത്തില്‍ നടന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ജി. നിര്‍മ്മല്‍കുമാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments