സ്വന്തം ലേഖകൻ
തിരുവവന്തപുരം : നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. അപകട സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പുരികത്തിൽ ചെറിയ പരിക്കേറ്റിട്ടുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു ഇയാൾ. വിവരമറിഞ്ഞെത്തിയ നെടുമങ്ങാട് പൊലീസാണ് അരുൾ ദാസിനെ കസ്റ്റഡിയിലെടുത്തത്.
അപകടത്തില്‍ ഒരു മരണം സ്ഥിരീകരിച്ചിരുന്നു. 44പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് നിഗമനം. സംഭവത്തിൽ വിശദ പരിശോധന ഇന്ന് നടക്കും.
അതേസമയം, അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകടസമയം സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ശബ്‌ദം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.
നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തിയാണ് യാത്രക്കാരെ പുറത്തെടുത്തത്. സ്വകാര്യ വാഹനങ്ങളിലും ആംബുലൻസുകളിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ വൈകിട്ട്
ഏഴ് മണിയോടെയാണ് പെരുങ്കടവിള, കാവല്ലൂർ നിവാസികൾ യാത്ര പുറപ്പെട്ടത്. 49പേർ വാഹനത്തിലുണ്ടായിരുന്നു.കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ചികിത്സയിൽ കഴിയുന്നത്. കാവല്ലൂർ സ്വദേശി ദാസിനിയാണ് (63) ഇന്നലെ മരിച്ചത്.
0 Comments