സ്വന്തം ലേഖകൻ
ചെന്നെെ : പുതിയ സിനിമയുടെ പ്രീ - റിലീസ് ചടങ്ങിനെത്തിയ നടൻ വിശാലിന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സംസാരിക്കുന്നതിനിടെ വിശാലിന്റെ കെെ വിറയ്ക്കുന്നുണ്ടായിരുന്നു. 'മദഗജരാജ' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയതായിരുന്നു നടൻ.
സംസാരിക്കുന്നതിനിടെ പലതവണ നാക്ക് കുഴയുന്നുമുണ്ട്. വിശാലിന് എന്താണ് സംഭവിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്. കടുത്ത പനി ബാധിച്ചാണ് വിശാൽ ദേവിയിലെത്തിയതെന്നാണ് ചില തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിശാൽ നായകനായ മദഗജരാജ തിയേറ്റർ റിലീസിന് എത്തുന്നത്.
2013ൽ തിയേറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു. നടൻ സുന്ദർ സിയുടെ സംവിധാനത്തിലായിരുന്നു ചിത്രം. സിനിമയുടെതായി ഒരു ട്രെയിലറും ഗാനവും പുറത്തുവന്നിരുന്നു. എന്നാൽ സാമ്പത്തികമായ പ്രശ്നം കാരണമാണ് സിനിമയുടെ റിലീസ് നീട്ടുപോയതെന്നാണ് വിവരം. ഇപ്പോൾ ഒരു വ്യാഴവട്ടത്തിന് ശേഷം പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നത്.
0 Comments