സ്വന്തം ലേഖകൻ
ന്യൂഡൽഹി : നേപ്പാൾ അതിർത്തിക്കടുത്തുള്ള ടിബറ്റിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെ ഒന്നിലധികം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ട്. നേപ്പാളിലെ ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കായി ഇന്നുരാവിലെ 6.35നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഫലമായി ബീഹാർ, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.
ചൈനയുടെ ടിബറ്റ് മേഖലയിൽ 10 കിലോമീറ്റർ (ആറ് മൈൽ) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ചൈനയുടെ ഭൂകമ്പ നിരീക്ഷണ ഏജൻസി റിക്ടർ സ്‌കെയിലിൽ 6.8 തീവ്രതയാണ് ഭൂകമ്പത്തിന് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ വിവിധയിടങ്ങളിൽ പ്രകമ്പനത്തെത്തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി നിന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
നാഷണൽ സെന്റർ ഫോർ സീസ‌്‌മോളജി വ്യക്തമാക്കുന്നതിനനുസരിച്ച്, നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള സിസാംഗിലാണ് രാവിലെ 6. 35 ന് 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം ഉണ്ടായത്. 4.7, 4.9 തീവ്രതയുള്ള രണ്ട് തുടർചലനങ്ങൾ ഇതേ പ്രദേശത്ത് നിന്നുതന്നെ പിന്നീട് റിപ്പോർട്ട് ചെയ്തു. ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്‌സെയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രദേശത്ത് ഭൂചലനത്തെത്തുടർന്ന് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
0 Comments