സ്വന്തം ലേഖകൻ
തൃക്കരുവ : ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ സ്മാർട്ട് സീനിയേഴ്സ് പദ്ധതിയുടെ കാഞ്ഞിരംകുഴി - കാഞ്ഞാവെളി ബ്ലോക്ക് ഡിവിഷനുകളിലെ ഉദ്ഘാടനം തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ നിർവ്വഹിച്ചു. 2024 - 25 ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 60 വയസ്സിനു മേലെ പ്രായമുള്ള വ്യക്തികൾക്ക് ശ്രദ്ധയും കരുതലും ക്ഷേമവും ഉറപ്പാക്കുന്നതിന് വേണ്ടി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണ് സ്മാർട്ട് സീനിയേഴ്സ്. കാഞ്ഞാവെളി പ്രതിഭാ ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ചിറ്റുമല ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷെഹ്ന തൃക്കരുവാ ഗ്രാമപഞ്ചായത്ത് മെമ്പർ എം അനിൽകുമാർ, തൃക്കരുവ സീനിയർ സിറ്റിസൺ ഫോറം പ്രസിഡൻറ് രഥൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഡിജിറ്റൽ ലിറ്ററസി, എന്ന വിഷയത്തെക്കുറിച്ച് അമൽശ്രീ, നിയമ ബോധവൽക്കരണത്തെക്കുറിച്ച് അഡ്വക്കേറ്റ് അരുൺകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ശിശു വികസന പദ്ധതി ഓഫീസ൪ ഡോക്ടർ റ്റിൻസി രാമകൃഷ്ണൻ നന്ദി അറിയിച്ചു. പരിപാടി വയോജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദിവസങ്ങൾ നീണ്ട അംഗനവാടി പ്രവർത്തകരുടെ ശ്രമഫലമായാണ് ഇത്രയും മുതിർന്ന പൗരന്മാരെ പരിപാടിയിലേക്ക് ആകർഷിക്കാനായത്.
0 Comments