സ്വന്തം ലേഖകൻ
ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച് കേസില്‍ ജാമ്യം ലഭിച്ച പിവി അന്‍വര്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പുറത്തിറങ്ങി. കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആള്‍ജാമ്യത്തിലും പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 35,000 രൂപ കെട്ടിവയ്ക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, തെളിവു നശിപ്പിക്കാനോ അന്വേഷണത്തെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യവ്യവസ്ഥകളില്‍ പറയുന്നു. ജാമ്യ ഉത്തരവ് ലഭിച്ചതോടെയാണ് ജയിലില്‍ നിന്നും പുറത്തു വന്നത്.
ജയില്‍ മോചിതനായതിന് പിന്നാലെ യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു. പിണറായിയുടെ ഭരണകൂട ഭീകരതയ്ക്കും ദുര്‍ഭരണത്തിനും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചനയ്ക്കും എതിരെ യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്നാണ് അന്‍വറിന്റെ പ്രസ്താവന. ഇതുവരെ നടത്തിയത് ഒറ്റയാള്‍ പോരാട്ടമാണ്. ഇനി പിണറായിസത്തെ ഒറ്റക്കെട്ടായി എതിര്‍ക്കും. അതിനു വ്യക്തിപരമായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്. പൊതുസമൂഹവും മാധ്യമങ്ങളും പാണക്കാട് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാക്കളും ധാര്‍മിക പിന്തുണ നല്‍കിയെന്നതാണ് തനിക്ക് ആശ്വാസമായതെന്നും അന്‍വര്‍ പറഞ്ഞു.
100 ദിവസമായാലും ജയിലില്‍ കിടക്കാന്‍ തയാറായി, വീട്ടുകാരോട് പറഞ്ഞിട്ടാണ് ഇറങ്ങിയത്. പൊതുപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിരുന്നു. അവിടെയെല്ലാം അത്താണിയായത് ജുഡീഷ്യല്‍ സംവിധാനമാണ്. അവിടെനിന്ന് നീതി കിട്ടി. പിണറായി സ്വയം കുഴികുത്തുകയാണ്. സിപിഎം ഇനി അധികാരത്തില്‍ വരാതിരിക്കാനുള്ള കരാറാണ് പിണറായിയും കേന്ദ്രത്തിലെ ആര്‍എസുംഎസും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങളെ ഇങ്ങനെ വേട്ടയാടുന്നതെന്നും അന്‍വര്‍ ആരോപിച്ചു.
0 Comments