സ്വന്തം ലേഖകൻ
കൊല്ലം : മദ്യ ലഹരിയിൽ രാവിലെ സ്‌കൂൾ വിദ്യാർത്ഥികളുമായി വാഹനം ഓടിച്ചയാൾ പൊലീസ് പരിശോധനയിൽ കുടുങ്ങി. മുക്കാട് സ്വദേശി സുനിയാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇതോടെ വഴിയിലായ വിദ്യാർത്ഥികളെ പൊലീസുകാർ വാഹനത്തിൽ സ്‌കൂളുകളിലെത്തിച്ചു.
കൊല്ലം വെള്ളയിട്ടമ്പലത്ത് കണ്ണനല്ലൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വാഹനത്തിലെ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ഡ്രൈവർക്കെതിരെ കേസെടുത്തു. സ്‌കൂൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങളുണ്ടായതോടെയാണ് സിറ്റി പൊലീസ് പരിധിയിൽ പ്രത്യേക പരിശോധന നടത്തിയത്. രാവിലെ 6.30 മുതൽ 10 വരെ 33 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 551 വാഹനങ്ങൾ പരിശോധിച്ചതിൽ വായു മലിനീകരണ സർട്ടിഫിക്കറ്റില്ലാത്ത 3 വാഹനങ്ങൾക്കെതിരെയും നികുതിയടയ്ക്കാത്ത 2 വാഹനങ്ങൾക്കെതിരെയും പിഴ ചുമത്തി.
സ്റ്റേഷൻ പട്രോളിംഗ് വാഹനങ്ങളും കൺട്രോൾറൂം വാഹനങ്ങളും പരിശോധന നടത്തി. 15 ഇൻസ്പെക്ടർമാരും 40 എസ്.ഐ മാരുമടക്കം 150 ഓളം പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. മദ്യപിച്ച് പിടിയിലായ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനുള്ള നടപടി സ്വീകരിച്ചുവെന്നും സ്‌കൂൾ കൂട്ടികളുടെ വാഹനങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടർ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
0 Comments