സ്വന്തം ലേഖകൻ
ഒട്ടാവ : ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ വിവാദം സൃഷ്ടിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (53) രാജി പ്രഖ്യാപിച്ചു. ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞു. പാർട്ടി പുതിയ നേതാവിനെ കണ്ടെത്തും വരെ അധികാരത്തിൽ തുടരും. നാളെ അടിയന്തര പാർട്ടി യോഗം നടക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം. ഈ മാസം 27ന് ചേരേണ്ടിയിരുന്ന പാർലമെന്റ് സമ്മേളനം മാർച്ച് 24ലേക്ക് നീട്ടി. 'അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഉചിതമായ ഒരാളെ കനേഡിയൻസ് അർഹിക്കുന്നു. ആഭ്യന്തര പോരാട്ടങ്ങൾ കാരണം ലിബറലുകളുടെ നേതാവാകാൻ തനിക്ക് കഴിയില്ല' ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.
ഖാലിസ്ഥാൻ തീവ്രവാദികളെ പിന്തുണച്ച് ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത ട്രൂഡോ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾക്ക് ഇരയായിരുന്നു. പാളിയ കുടിയേറ്റ നയം, ഭവന പ്രതിസന്ധി, വിലക്കയറ്റം തുടങ്ങിയവ രാജ്യത്തും തലവേദന സൃഷ്ടിച്ചു. 2015ലാണ് അധികാരത്തിലെത്തിയത്.
ഒക്ടോബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, മുൻ സെൻട്രൽ ബാങ്കർ മാർക്ക് കാർണി എന്നിവരാണ് പിൻഗാമിയാകാൻ സാദ്ധ്യത. തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി തോൽക്കുമെന്നും പിയർ പോളിയേവിന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് സർക്കാർ അധികാരത്തിലേറുമെന്നും സർവേ പ്രവചനം.
0 Comments