banner

ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ട് പിണറായിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; സ്വാമി സച്ചിദാനന്ദയെ പിന്തുണച്ചത് എല്ലാം ഉറപ്പിച്ച്; എന്‍എസ്എസ് വിമര്‍ശനവും ഗുണം

ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ട് പിണറായിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; സ്വാമി സച്ചിദാനന്ദയെ പിന്തുണച്ചത് എല്ലാം ഉറപ്പിച്ച്; എന്‍എസ്എസ് വിമര്‍ശനവും ഗുണം

സ്വന്തം ലേഖകൻ
സിപിഎമ്മിന്റെ കേരളത്തിലെ വോട്ട് ബാങ്കില്‍ ഈഴവരുടെ നിക്ഷേപം വളരെ വലുതായിരുന്നു. കാലങ്ങളായി കോണ്‍ഗ്രസും ബിജെപിയും കിണഞ്ഞ് ശ്രമിച്ചിട്ടും വിള്ളല്‍ വീഴാതിരുന്ന ഈ വോട്ടുബാങ്കിനെ തകര്‍ത്തത് സിപിഎം തന്നെയായിരുന്നു. പലപ്പോഴും തീവ്ര ന്യൂനപക്ഷ നിലപാടുകള്‍ സ്വീകരിച്ച് സിപിഎം ഈഴവ വിഭാഗത്തെ ബിജെപി പാളയത്തില്‍ എത്തിച്ചു എന്നുതന്നെ പറയാം. തുടര്‍ ഭരണത്തിന്റെ ആലസ്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഈ വോട്ട് ചോര്‍ച്ച സിപിഎം കാര്യമായി എടുത്തില്ല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ സിപിഎം ഇതില്‍ ഇടപെടാന്‍ ശ്രമം തുടങ്ങി.

അടിസ്ഥാന വോട്ടുകള്‍ പാര്‍ട്ടിയുമായി അകന്നു എന്ന ലോക്‌സഭാ പരാജയത്തിന് പിന്നാലെയുള്ള തുറന്നു പറച്ചില്‍ തന്നെ ഇതിന്റെ ഭാഗമായിരുന്നു. ഒപ്പം സിഎഎ പ്രക്ഷോഭ കാലത്ത് മുതല്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചത് അമ്പേ പരാജയപ്പെട്ടതും സിപിഎമ്മിന് തിരിച്ചറിവായി. ഇതോടെയാണ് ന്യൂനപക്ഷ പ്രീണനം അവസാനിപ്പിച്ച് ഹിന്ദു വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നേതാക്കളുമെല്ലാം ഇത് പരസ്യമായി പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് മുസ്ലിം തീവ്ര വിഭാഗങ്ങളുടെ വോട്ട് കൊണ്ടാണെന്ന് എ വിജയരാഘവന്റെ പ്രസ്താവനയും അതിന് എല്ലാ നേതാക്കളും നല്‍കിയ പിന്തുണയുമെല്ലാം അതിന്റെ ഭാഗമായി തന്നെ വിലയിരുത്താം. ഈ പറഞ്ഞ നീക്കങ്ങളെല്ലാം നടക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനത്തിലായിരുന്നു. അല്ലെങ്കില്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അതിനുള്ള അവസരമാണ് ശിവഗിരിയില്‍ ലഭിച്ചതും അതി മനോഹരമായി മുഖ്യമന്ത്രി ഉപയോഗിച്ചതും.

ആദ്യം വിവാദമായത് മുഖ്യമന്ത്രിയുടെ സനാതന ധര്‍മ്മ പരാമര്‍ശങ്ങളായിരുന്നു. എന്നാല്‍ വലിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൂടി നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ശിവഗിരിയില്‍ നിന്ന് മടങ്ങിയത്. യോഗത്തില്‍ ആദ്യം സംസാരിച്ച ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ചില ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് ഷര്‍ട്ട് ഊരണം എന്ന ആചാരത്തെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് സംസാരിച്ച് മുഖ്യമന്ത്രി ഇതിനെ അനുകൂലിക്കുകയും ഇത്തരം ആചാരങ്ങള്‍ മആറണം എന്ന് പ്രസ്താവിക്കുകയും ചെയ്തു. സാധാരണ നിലയിലുള്ള പിന്തുണ എന്ന് എല്ലാവരും കരുതിയെങ്കിലും കളം മാറിയത് അടുത്ത ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പെരുന്നയില്‍ നടന്ന ചടങ്ങില്‍ ഇതിനെ വിമര്‍ശിച്ചതോടെയാണ്.

മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നതിനൊപ്പം ആചാരങ്ങളില്‍ മാറ്റം എന്ന് പറഞ്ഞ് സ്വാമി സച്ചിദാനന്ദയേയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ഇതോടെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നതിനൊപ്പം സ്വാമി സച്ചിദാനന്ദക്ക് നേരേയും വിമര്‍ശനം ഉയര്‍ന്നതോടെ പ്രതിരോധിക്കാന്‍ സിപിഎം രംഗത്തെത്തുകയും ചെയ്തു. സ്വാമി സച്ചിദാനന്ദ തന്നെ മറുപടിയുമായി രംഗത്തെത്തി. പിന്നാലെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയെ പിന്തുണച്ച് എത്തി. അങ്ങനെ പറയാന്‍ മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.

ഫലത്തില്‍ ഈഴവ സമുദായത്തിലേക്ക് വീണ്ടും കടന്ന് കയറാനായി പിണറായി വിജയന്‍ ഇട്ട പാലമായി മാറുകയാണ് ശിവഗിരിയിലെ പ്രസംഗം. ചെറിയ അവസരം പോലും ഉപയോഗപ്പെടുത്താനുള്ള പിണറായി വിജയന്‍ എന്ന നേതാവിന്റെ രാഷ്ട്രീയ ജാഗ്രതയാണ് വീണ്ടും ഒരിക്കല്‍ കൂടി ശിവഗിരിയില്‍ തെളിഞ്ഞു കണ്ടത്. മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

Post a Comment

0 Comments