സ്വന്തം ലേഖകൻ
വാഗ്ദാനങ്ങൾ നൽകി കൊല്ലം ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് കോർപ്പറേഷനെന്ന് പ്രതിപക്ഷം പറയാൻ തുടങ്ങിയിട്ട് വർഷം നാല് കഴിയാറായി. അതിലെ വസ്തുതകളിലേക്ക് ഇറങ്ങുകയാണ് അഷ്ടമുടി ലൈവ് അന്വേഷണ സംഘം, വായനക്കാരുടെ പിന്തുണയോടെ. കൊല്ലം തീരദേശ മേഖല മുതൽ ഇങ്ങ് അഷ്ടമുടിക്കായൽ വരെ നീളുന്നു അധികൃതരുടെ വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിച്ച് ജീവിതം തള്ളിനീക്കുന്ന പാവങ്ങളുടെ ദയനീയാവസ്ഥകൾ. സംസ്ഥാന സർക്കാരിൻ്റെ പദ്ധതികൾ പോലും ജനങ്ങളിൽ അഴിമതിയുടെ സംശയമുയർത്തും വിധം അട്ടിമറിച്ചെന്നുള്ളത് ഓഡിറ്റ് റിപ്പോർട്ടിലൂടെ കഴിഞ്ഞ വർഷങ്ങളിൽ പുറത്തുവന്ന കാര്യമാണ്. വിവരങ്ങൾ ശരിയാണെങ്കിൽ കോവിഡ് ലോക്ക് ഡൗൺ കാലത്ത് അവശത അനുഭവിക്കുന്നവർക്കായി ഭക്ഷണം എത്തിക്കുന്നതിന് ആരംഭിച്ച സാമൂഹിക അടുക്കള പദ്ധതിയിലും ലക്ഷങ്ങൾ ആണ് കോർപ്പറേഷൻ്റെ ഞെട്ടിക്കുന്ന ധൂർത്ത്. സാമൂഹിക അടുക്കള നടത്തുന്നതിനായുള്ള പണം പരമാവധി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്നും കഴിയാതെ വന്നാൽ നഗരകാര്യ ഡയറക്ടറുടെ പ്രത്യേക അനുമതിയോടെ തനത് ഫണ്ട് വിനിയോഗിച്ച് തികയാതെ വരുന്ന പണത്തിന് പരിഹാരം കാണണമെന്നുമായിരുന്നു സർക്കാർ മുന്നോട്ടുവച്ച ആശയം. എന്നാൽ കൊല്ലം കോർപ്പറേഷൻ സാമൂഹിക അടുക്കളയ്ക്കായി 55 ഡിവിഷനുകളിലേക്കുമായി 55 ലക്ഷം രൂപയാണ് സാമൂഹിക അടുക്കളയ്ക്കായി നൽകി തനത് ഫണ്ടിൽ നിന്നും നൽകിയത്. അതും നഗരകാര്യ ഡയറക്ടറുടെ അനുമതിയില്ലാതെ. കോർപറേഷൻ 2020–21 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു ഈ തുക കോപ്പറേഷൻ വിദഗ്ധമായി കണ്ടെത്തിയത്. അടുക്കള നടത്തിപ്പിന് 1.5 ലക്ഷം രൂപയ്ക്ക് 1000 കിലോഗ്രാം ചിക്കൻ, 43,000 രൂപയുടെ ഗ്യാസ് സിലിണ്ടർ, 23,000 രൂപയുടെ പുട്ടുപൊടി എന്നിങ്ങനെയാണ് 2020 മേയ് 13 മുതൽ 2020 ജൂൺ 19 വരെയുള്ള ദിവസങ്ങളിലെ കോർപറേഷൻ രേഖയിലെ ചെലവുകൾ. മൂക്കത്ത് വിരൾ വെയ്ക്കും ഈ കണക്കുകൾ കേട്ടാൽ.
അതോടൊപ്പം ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ നിർവഹണ ഉദ്യോഗസ്ഥനായി 1.19 കോടി ചെലവിൽ നടപ്പിലാക്കിയ പദ്ധതിയുടെ കഥ കൂടി കേട്ടറിഞ്ഞോളു. ഇതും ഇതേ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ഗുരുതര വീഴ്ചകളുടെ പട്ടികയിലുള്ളതാണ്. 2020-21 ലെ ഈ വാർഷികാ പദ്ധതിയുടെ പേര് 'സ്വയംതൊഴിൽ സബ്സിഡി'. ആകെ ചെലവാക്കിയത് 92.25 ലക്ഷം. കണക്കുകൾ പരിശോധിച്ചപ്പോൾ എല്ലാം കൃത്യം. ഗുണഭോക്താക്കളുടെ ലോൺ തുകയനുസരിച്ച് നിശ്ചിത തുക സബ്സിഡിയായി നൽകുന്ന രീതിയാണ് നിർവഹണ ഉദ്യോഗസ്ഥനായ എക്സെഷൻ ഓഫീസർ അവലംബിച്ചത്. ഇതോടെ ലോൺ തുകയനുസരിച്ച് തുടക്കം തന്നെ പണം ബാങ്കിന് കൈമാറി. ശേഷം ഇനി ഒന്നും ചെയ്യാനില്ലെന്നമട്ടിൽ ഉദ്യോഗസ്ഥർ പദ്ധതിയിൽ നിന്ന് പിൻവലിഞ്ഞു. പക്ഷേ അവിടെയാണ് എല്ലാം തകിടം പറഞ്ഞത്. ഗുണഭോക്തൃ ലിസ്റ്റിലെ ലോണെടുത്തവർക്കെല്ലാവർക്കും സബ്സിഡി എത്തി. ഓർക്കണം പലരും ലോൺ തുക പോലും മുഴുവൻ എടുത്തിട്ടില്ല. ഇങ്ങനെ ഗുണഭോക്താക്കളുടെ വിഹിതമായി വിതരണംചെയ്തതാകട്ടെ 30.37 ലക്ഷം രൂപ മാത്രവും. ഇങ്ങനെ പദ്ധതിയിൽ നോട്ടമില്ലാത്തത് മൂലം 60.45 രൂപ ഒരു വർഷം ബാങ്കിൽ ഉപയോഗമില്ലാതെ കിടന്നു. ഈ ഗുരുതര വീഴ്ച സംസ്ഥാന സർക്കാറിന്റെ റവന്യൂ ചെലവ് ബാങ്കിൽ ശേഷിച്ച തുകയോളം അധികരിച്ചു കാണിക്കാൻ ഇടയാക്കി. ഉൾവിളി വന്നപ്പോൾ പിന്നാലെയുള്ള വർഷം മാർച്ചിൽ ബാങ്കിന്റെ കൈയിലെ തുക തിരിച്ച് സംസ്ഥാന സർക്കാറിന്റെ കണക്കിൽ അടക്കാൻ ആവശ്യപ്പെട്ട് നിർവഹണ ഉദ്യോഗസ്ഥൻ കത്തെഴുതി. ഇതെത്തുടർന്ന് തുക തിരിച്ചടയ്ക്കപ്പെട്ടു. സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് വികസന ഫണ്ടിൽനിന്നും വായ്പാതുകയുടെ 75 ശതമാനം സബ്സിഡിയായി അനുവദിക്കുന്നത്. പദ്ധതിയിൽ അനേകം തട്ടിപ്പ് നടക്കാം എന്നിരിക്കെ എന്നാൽ, സംരംഭകർ വായ്പയെടുത്ത ശേഷം സംരംഭങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടോ എന്ന് നിർവഹണ ഉദ്യോഗസ്ഥൻ ഉറപ്പാക്കിയില്ല. ഓഡിറ്റ് പരിശോധനയിൽ വ്യക്തിഗത സംരംഭങ്ങൾ പലതും യഥാർഥത്തിൽ നിലവിലില്ല എന്ന് കണ്ടെത്തിയത് ഈ ആശങ്കയോട് കൂട്ടിച്ചേർത്തു വെക്കേണ്ടതാണ്. ഇങ്ങനെ തുടങ്ങിയാൽ ഒടുങ്ങാത്ത കഥകൾ ഉണ്ട് വിവരിക്കാൻ. അടുത്ത അദ്ധ്യായത്തിൽ വീണ്ടും കാണാം.
0 Comments