സ്വന്തം ലേഖകൻ
കൊല്ലം : ഡി.ടി.പി.സിയുടെ സാമ്പ്രാണിക്കോടി ടൂറിസ്റ്റ് സെന്ററിന്റെ കുരീപ്പുഴ പള്ളി കൗണ്ടറിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ബോട്ട് ജീവനക്കാർക്ക് പരിക്കേറ്റു. സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സർവീസ് നടത്തുന്ന നാല്പതാം നമ്പർ ബോട്ടിലെ ജീവനക്കാരനും ബോട്ട് ഉടമയുമായ കുരീപ്പുഴ സ്വദേശിയായ ജോസ്, 54-ാം നമ്പർ ബോട്ട് ജീവനക്കാരനായ മൺറോത്തുരുത്ത് സ്വദേശി ബിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പത്തംഗ സംഘം ബോട്ട് ജീവനക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിയായ സൗകര്യങ്ങളില്ലാതെയാണ് കുരീപ്പുഴ പള്ളിക്കടവിൽ ഡി.ടി.പി.സിയുടെ കൗണ്ടർ പ്രവർത്തിക്കുന്നതെന്ന് പരാതിയുണ്ട്. സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ടിന്റെ ബോട്ടുകൾ അടുക്കുന്ന ജെട്ടിയിൽ നിന്നാണ് നിലവിൽ സാമ്പ്രാണിക്കോടി തുരുത്തിലേക്ക് ടൂറിസ്റ്റുകളെയും കൊണ്ട് ബോട്ടുകൾ പുറപ്പെടുന്നത്. ഇത് ബോട്ടുകൾ അടുക്കുന്നതിന് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്.
0 Comments