banner

മാധ്യമവാർത്തകൾ വസ്തുതകൾ മനസിലാക്കാതെ; ഡെപ്യൂട്ടി കമ്മിഷണർ പി കെ ജയരാജിൻ്റെ സ്ഥലംമാറ്റം പ്രതിഭയുടെ മകൻ്റെ കേസിൽ അല്ല; മന്ത്രിക്ക് അഴിമതിയില്ല, പക്ഷെ എഴുതിനൽകുന്നത് അതേപടി വായിക്കും; മന്ത്രിയെ തിരുത്തി മുൻ അസി. കമ്മീഷണർ ടി.അനികുമാർ

പ്രതിഭയുടെ മകൻ്റെ കേസിൽ എക്സൈസ് മന്ത്രിയെ തിരുത്തി മുൻ അസി. കമ്മിഷണർ; ‘മന്ത്രിക്ക് അഴിമതിയില്ല, പക്ഷെ എഴുതിനൽകുന്നത് അതേപടി വായിക്കും’!

സ്വന്തം ലേഖകൻ
യു പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവുകേസിൽ അറസ്റ്റു ചെയ്തതിന് എക്സൈസ് ഉന്നതനെ സ്ഥലംമാറ്റിയെന്ന മാധ്യമവാർത്തകൾ വസ്തുതകൾ മനസിലാക്കാതെ. കേസെടുത്തത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ ജയരാജ് ആണ്. ജില്ലയുടെയാകെ ചുമതലക്കാരനായ ഡെപ്യൂട്ടി കമ്മിഷണർ പി കെ ജയരാജ് ആണ് സ്ഥലംമാറ്റപ്പെട്ടത്. രണ്ടാളുടെയും പേര് ഒന്നാണ് എന്നതൊഴിച്ചാൽ രണ്ടാമന് ഈ കേസിൽ യാതൊരു ഉത്തരവാദിത്തവുമില്ല. വിവരം പിന്നീട് അറിഞ്ഞിട്ടുണ്ട് എന്നുമാത്രം. കേസെടുത്ത ഇൻസ്പെക്ടറെ മാറ്റാതെ, രണ്ട് റാങ്ക് മുകളിലുള്ള ഡെപ്യൂട്ടി കമ്മിഷണറോട് പ്രതികാരം ചെയ്യുന്നതിൻ്റെ യുക്തി പോലും വാർത്ത റിപ്പോർട്ട് ചെയ്ത പലരും ആലോചിച്ചിട്ടില്ലെന്ന് വ്യക്തം.

അതേസമയം ജയരാജിൻ്റെ സ്ഥലംമാറ്റം മുൻപേ പദ്ധതിയിട്ട പ്രതികാരമാണെന്ന വിവരമാണ് പുറത്തുവരുന്നത്. വിഷയം ഇതല്ലെന്ന് മാത്രം. മൂന്നുമാസം മുൻപ് ആലപ്പുഴയിൽ ചുമതലയേറ്റത് മുതൽ ജില്ലയിലെ ബിനാമി ഷാപ്പുകൾക്കെതിരെയും സ്പിരിറ്റ് വരവിനെതിരെയും ജയരാജ് വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഇതിൽ അസ്വസ്ഥരായ വ്യാജമദ്യലോബി ഏതാണ്ടൊരു മാസം മുൻപേ നടത്തിയ കരുനീക്കങ്ങളുടെ ഭാഗമാണ് ഈ സ്ഥലംമാറ്റം. ഇത്തരം കാര്യങ്ങളിൽ സർവീസിലുടനീളം കർശന നിലപാട് സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പി കെ ജയരാജ്.

സ്ഥലംമാറ്റം ഡെപ്യൂട്ടി കമ്മിഷണർ ജയരാജ് ആവശ്യപ്പെട്ടിരുന്നു. നിലവിൽ തെക്കൻ കേരളത്തിൽ ജോലിചെയ്യുന്ന മറ്റൊരു ഉദ്യോഗസ്ഥനുമായി മ്യൂച്വൽ ട്രാൻസ്ഫറിന് ധാരണയിൽ എത്തുകയും ചെയ്തു. വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രമുള്ള ജയരാജിന് ഇത് നൽകാനും വകുപ്പുതലത്തിൽ ധാരണ ഉണ്ടായി. ഇതിനിടെയാണ് വ്യാജമദ്യ ലോബിയുടെ ഇടപെടൽ ഉണ്ടായത്. ഇതോടെയാണ് കൊല്ലംകാരനെ മലപ്പുറത്തേക്ക് തട്ടിക്കൊണ്ട് ഉത്തരവായത്. എംഎൽഎയുടെ മകൻ്റെ കേസിന് പിന്നാലെ ആയതിനാൽ സ്വഭാവികമായും തെറ്റിദ്ധാരണ ഉണ്ടായി, ഇത് ചർച്ചയാകുകയും ചെയ്തു.

പ്രതികാരനടപടിയെന്ന മട്ടിൽ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയപ്പോഴാണ് വിശദീകരണവുമായി എക്സൈസ് മന്ത്രി രംഗത്തെത്തിയത്. പ്രമോഷൻ ട്രാൻസ്ഫർ ആണെന്ന വിശദീകരണം അങ്ങനെയാണ് ഉണ്ടായത്. ഫെയ്സ്ബുക്കിൽ ഇതിനെ പൊളിക്കുകയാണ്, തെക്കൻ മേഖലയിൽ എക്സൈസ് ഇൻ്റലിജൻസിൻ്റെ ചുമതലയുണ്ടായിരുന്ന അസി. കമ്മിഷണറായി അടുത്തയിടെ വിരമിച്ച ടി.അനികുമാർ. “രണ്ടരവർഷം മുൻപ് പ്രമോഷൻ നേടി ഡെപ്യൂട്ടി കമ്മിഷണറായ ഉദ്യോഗസ്ഥനെയാണോ, വീണ്ടും ഡെപ്യൂട്ടി കമ്മിഷണറാക്കി മന്ത്രി മലപ്പുറത്തേക്ക് അയച്ചിരിക്കുന്നത്?” അനികുമാർ ചോദിക്കുന്നു.

തുടർന്ന് അനികുമാർ വിശദീകരിക്കുന്നു: “രാജേഷ് മിനിസ്റ്റർ അഴിമതി ഇല്ലാത്ത ആളാണ്, അദ്ദേഹത്തിന് പറ്റുന്ന കുഴപ്പം വകുപ്പിലെ ആരെങ്കിലും എഴുതി കൊടുക്കുന്നത് അതുപോലെ പറയുന്നതാണ്, അദ്ദേഹത്തെ പല കാര്യങ്ങളിലും കീഴിലുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നു, ഈ സ്ഥലംമാറ്റം യഥാർഥത്തിൽ MLAയുടെ മകന്റെ കേസുമായി ബന്ധപ്പെട്ടതല്ല, ആലപ്പുഴ ജില്ലയുടെ തെക്കും കിഴക്കും മേഖലകളിൽ വലിയ രീതിയിൽ സ്‌പിരിറ്റ് കലക്കിയ കള്ളു വിൽക്കുന്നുണ്ട്, ബിനാമികളാണ് ഈ ഷോപ്പുകൾ നടത്തുന്നത്, അവർക്കെതിരെ ജയരാജ് ശക്തമായ നടപടികൾ എടുത്തതാണ് ഈ സ്ഥലംമാറ്റത്തിന് പിന്നിൽ”

എക്സൈസ് ഇൻ്റലിജൻസിൽ ജോലിചെയ്തപ്പോൾ ഉണ്ടായ മറ്റൊരു ഗുരുതര സംഭവം കൂടി അനികുമാർ ഇവിടെ വെളിപ്പെടുത്തുന്നു… “റിട്ടയർ ചെയ്യാൻ വെറും 9 മാസം മാത്രമുള്ളപ്പോൾ ആലപ്പുഴ അടക്കം കേരളത്തിൽ 18 ഗ്രൂപ്പ് കള്ളു ഷാപ്പുകളിൽ അന്വേഷണം നടത്തി ബിനാമികൾ നടത്തുന്നു എന്ന് കണ്ടെത്തി പൂട്ടിയതിൻ്റെ പേരിൽ എന്നെ ഈ ലോബി സ്ഥലം മാറ്റിയിരുന്നു, അന്ന് അത് ശ്രദ്ധയിൽപെട്ട ഉടനെ മന്ത്രി ശ്രീ രാജേഷ് സാർ ഇടപെട്ട് ആ ട്രാൻസ്‌ഫർ ക്യാൻസൽ ചെയ്തു. ബഹു. മിനിസ്റ്റർ ഇടപെട്ട് തന്നെ ഈ ട്രാൻസ്ഫറും ക്യാൻസൽ ചെയ്യണം.” വ്യാജമദ്യം പോലെ ഗുരുതര വിഷയങ്ങളിൽ മന്ത്രിയെ ഇരുട്ടിൽനിർത്തി പ്രവർത്തിക്കുന്ന ശക്തികൾ അദ്ദേഹത്തിൻ്റെ ഓഫീസിലുണ്ട് എന്നുകൂടിയാണ് ഇതോടെ വ്യക്തമാകുന്നത്.

Post a Comment

0 Comments