banner

കേരളത്തെ ഞെട്ടിച്ച തട്ടിപ്പുക്കേസ്: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ പ്രധാന പ്രതി പോലീസ് പിടിയിൽ

Published from Blogger Prime Android App

സ്വന്തം ലേഖകൻ
മാവേലിക്കര : മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ മലപ്പുറം തിരൂർ പൊൻമുണ്ടം സ്വദേശി പറമ്പത്ത് വീട്ടിൽ 30 വയസ്സുള്ള മുഹമ്മദ് ശാഫിയാണ് മാവേലിക്കര പോലീസിൻ്റെ പിടിയിലായത്. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയായ യുവാവിൻ്റെ അക്കൗണ്ടിൽ നിന്നും, ഇരട്ടിലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 15 ലക്ഷത്തി മുപ്പതിനായിരം രൂപ പലപ്പോഴായി അയപ്പിച്ച് ഇയാളും കൂട്ടുകാരും പണം തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. തട്ടിപ്പിനിരയായ യുവാവ് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിൽ കേസിലെ പ്രതികളെല്ലാം ഒളിവിലാണെന്ന് പോലീസിന് വിവരം ലഭിക്കുകയും ഇവർ സംസ്ഥാനത്തെ സമാനമായ പല കേസുകളിലും പ്രതികളാണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ആയിരുന്ന ശ്രീമതി ചൈത്രാ തെരേസ ജോൺ IPS ൻ്റെ നേതൃത്വത്തിൽ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ കൈകൊണ്ട് മാവേലിക്കര പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയായിരുന്നു. 

ഈ സമയം ഒളിവിലായിരുന്ന ഷാഫി വിദേശത്തേക്ക് കടന്നു രക്ഷപെടാൻ ശ്രമിച്ചെങ്കിലും ലുക്ക് ഔട്ട് സർക്കുലർ ൻ്റെ അടിസ്ഥാനത്തിൽ ഇയാളെ കരിപ്പൂർ വിമാനത്താവളത്തിൽ തടഞ്ഞു വെച്ച് മാവേലിക്കര പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലപോലീസ് മേധാവി M P മോഹനചന്ദ്രൻ നായർ ന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ബിനുകുമാർ.M.Kയുടെ മേൽനോട്ടത്തിൽ മാവേലിക്കര പൊലീസ് പൊലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ മാവേലിക്കര സബ്ബ് ഇൻസ്പെക്ടർ സത്യൻ പി ബി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗംഗ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ ഷബീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറെസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്ത് നടന്ന ഓൺലൈൻ നിക്ഷേപ സാമ്പത്തിക തട്ടിപ്പു കേസുകളിലെ മുഖ്യ കണ്ണികളിൽ ഒരാളെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments