സ്വന്തം ലേഖകൻ
മുസ്ലിം ലീഗ് നേതാവ് ഡോ. എംകെ. മുനീർ എംഎൽഎക്ക് ചെക്ക് കേസിൽ കോടികളുടെ പിഴ. ഇന്ത്യാവിഷൻ ചാനലുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്ത വകയിൽ നൽകാനുള്ള തുകയുടെ ചെക്ക്, ബാങ്കിൽ പണമില്ലാതെ മടങ്ങിയതിന് നൽകിയ പരാതിയിലാണ് നടപടി. 2.6 കോടി രൂപയാണ് കോടതി പിഴയിട്ടത്.
2012ൽ 1,34,25,000 രൂപ പരാതിക്കാരനായ മുനീർ അഹമ്മദിൽനിന്ന് ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയിരുന്നു. ഈ തുക തിരിച്ചുനൽകിയ ചെക്ക് പണമില്ലാതെ മടങ്ങി. ഇതിനെ തുടർന്ന് നൽകിയ പരാതിയിലാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിഴശിക്ഷ വിധിച്ചത്.
ഇന്ത്യവിഷൻ പ്രൈവറ്റ് ലിമിറ്റഡ്, മാനേജ്മെമെൻ്റിൻ്റെ ഭാഗമായ ജമാലുദ്ദീൻ ഫാറൂഖി, എംകെ മുനീർ, ഭാര്യ നഫീസ തോട്ടത്തിൽ എന്നിവരാണ് യഥാക്രമം ഒന്നുമുതൽ നാലുവരെ പ്രതികൾ. ഇവരെല്ലാം കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒരു മാസത്തിനകം പിഴയടച്ചില്ലെങ്കിൽ ആറുമാസം തടവ് അനുഭവിക്കണം. പിഴയടച്ചാൽ ആ തുക പരാതിക്കാരന് നൽകും.
കേസിൽ അപ്പീൽ നൽകുമെന്ന് കോടതി വിധിക്ക് പിന്നാലെ എംകെ മുനീർ പ്രതികരിച്ചു. 2003 ലാണ് ഇന്ത്യാവിഷൻ ആരംഭിച്ചത്. 2015 ഫെബ്രുവരിൽ ചാനൽ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ചാനലിന്റെ ചെയർമാനായിരുന്നു എംകെ മുനീർ.
0 تعليقات