banner

ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിച്ച് ഭരണഘടനയെ സംരക്ഷിക്കണമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാൽ; ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം കൊല്ലം ആശ്രാമം മൈതാനിയില്‍ നടന്നു


സ്വന്തം ലേഖകൻ 
രാജ്യത്തിന്റെ ജനാധിപത്യ, മതേതര, ബഹുസ്വര സത്തയെ ഉയര്‍ത്തിപ്പിടിച്ച് ഭരണഘടനയെ സംരക്ഷിക്കണമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊല്ലം ആശ്രാമം മൈതാനിയില്‍ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ സായുധ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവുമാണ് മറ്റു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. വൈവിധ്യങ്ങളെ ഒരുമിച്ച് ചേര്‍ത്ത് രൂപപ്പെടുത്തിയ റിപ്പബ്ലിക്കാണിത്. രാജ്യം ഐക്യത്തോടെയും അഖണ്ഡതയോടെയും നിലനില്‍ക്കാന്‍ വേണ്ട ആദ്യ ഘടകം നാനാത്വങ്ങളെ ഉള്‍ക്കൊള്ളലാണെന്ന് ഭരണഘടന ഉറക്കെ പ്രഖ്യാപിക്കുന്നു. വൈവിധ്യങ്ങളെയും അപരത്വങ്ങളെയും ആദരിച്ചും അംഗീകരിച്ചും മുന്നോട്ട് പോകുക എന്നതാണ് ഇന്ത്യയുടെ ആദര്‍ശമെന്നും അദ്ദേഹം പറഞ്ഞു.  

സൂക്ഷ്മ ന്യൂനപക്ഷങ്ങളെ പോലും തുല്യമായി ഉള്‍ക്കൊള്ളുകയും ആധുനികതയെ സ്വീകരിക്കുകയും ചെയ്യുന്ന ആശയങ്ങളാല്‍ സമ്പുഷ്ടമാണ് നമ്മുടെ ഭരണഘടന. തുല്യതയും ആധുനിക ജനാധിപത്യ മൂല്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയാറാക്കിയ ഇത് കാലത്തിന് മുമ്പേ സഞ്ചരിച്ചതാണെന്ന് പാശ്ചാത്യ ചിന്തകര്‍ പോലും അഭിപ്രായപ്പെട്ടതാണ്. ഭരണഘടനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുകയും അതിന്റെ ബഹുസ്വര സ്വഭാവത്തെ ഇല്ലാതാക്കുകയും ചെയ്യണം എന്ന ആശയം ഉയര്‍ത്തുന്ന ശക്തികളുടെ ശബ്ദത്തിന് ഇന്ന് പ്രാധാന്യം ലഭിക്കുന്നു എന്നത് രാജ്യം ഗൗരമായി കാണേണ്ടതുണ്ട്. സങ്കുചിത ആശയങ്ങള്‍ക്ക് മേല്‍ വിശാലവും മാനവികതയില്‍ അധിഷ്ടിതവുമായ ആശയങ്ങള്‍ ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു. 

രാവിലെ 9.05ഓടെ മന്ത്രി ദേശീയപതാക ഉയര്‍ത്തി. പരേഡില്‍ പൊലീസ്, സായുധ റിസര്‍വ് പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, അഗ്‌നിരക്ഷാ സേന തുടങ്ങിയവക്കൊപ്പം വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് പ്ലാറ്റൂണുകളും അണിനിരന്നു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് പൊതുജനങ്ങള്‍ക്ക് നേരില്‍ കാണാന്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു.

Post a Comment

0 Comments