banner

ദേശീയ സമ്മതിദായക ദിനം: ജില്ലാ തല ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വി പി ജഗതി രാജ് നിർവ്വഹിച്ചു

Published from Blogger Prime Android App

സ്വന്തം ലേഖകൻ 
വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ദേശീയ സമ്മതിദായകദിനം ജില്ലയില്‍ ആചരിച്ചു.  ജനങ്ങളില്‍ ഉയര്‍ന്ന ജനാധിപത്യ ബോധം രൂപപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സമ്മതിദായക ദിനം ആചരിക്കുന്നതെന്ന് ശ്രീ നാരായണ വനിതാ കോളേജില്‍ നടന്ന ജില്ലാ തല ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വി പി ജഗതി രാജ് പറഞ്ഞു. ഭാവിയെ മാറ്റിമറിക്കാനുള്ള ശക്തി വോട്ടര്‍മാര്‍ക്ക് ഉണ്ട്. ചിന്തിക്കുന്ന വോട്ടര്‍ ആവാനാണ് ഏവരും ശ്രമിക്കേണ്ടത്. വോട്ടവകാശത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് മറ്റുള്ളവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും  അദ്ദേഹം പറഞ്ഞു. വോട്ടവകാശം ശരിയായി വിനിയോഗിക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ ശക്തി വര്‍ധിപ്പിക്കണമെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ കളക്ടര്‍ എന്‍ ദേവീദാസ് പറഞ്ഞു. സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. സബ് കളക്ടര്‍ നിശാന്ത് സിന്‍ഹാര മുഖ്യ പ്രഭാഷണം നടത്തി. യുവ സംഗീതസംവിധായകന്‍ എന്‍ ആദര്‍ശ് കൃഷ്ണന്‍ ഗാനം ആലപിച്ചു. എസ്.എന്‍. വനിതാ കോളേജ് അസി.പ്രൊഫസര്‍ സുജ കരപ്പാത്ത് സമ്മതിദായക പ്രതിജ്ഞ ചൊല്ലി. പുതിയ വോട്ടര്‍മാര്‍ക്കുള്ള ഐ.ഡി. കാര്‍ഡ് വിതരണം കളക്ടര്‍ നിര്‍വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജയശ്രീ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍മാരായ എഫ് റോയ് കുമാര്‍, ആര്‍.ബീനാ റാണി,  എം.ബിപിന്‍ കുമാര്‍, പുനലൂര്‍ ആര്‍.ഡി.ഒ. ജി.സുരേഷ് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എസ്.എസ്, ശ്രീനാരായണ വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ജിഷ, ജില്ലാ ഇ.എല്‍.സി. കോ ഓഡിനേറ്റര്‍ നീതു ലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments