സ്വന്തം ലേഖകൻ
കൊല്ലം : കുന്നത്തൂരിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസികളായ ദമ്പതികൾ അറസ്റ്റിൽ. കുന്നത്തൂർ പടിഞ്ഞാറ് ശിവരഞ്ജിനിയിൽ (ഗോപിവിലാസം) ഗോപു- രഞ്ജിനി ദമ്പതികളുടെ മകൻ ആദി കൃഷ്ണനെ (15) വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് അയൽവാസികളും ബന്ധുക്കളുമായ ദമ്പതികൾ അറസ്റ്റിലായത്. കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ഓഫാക്കിയ ശേഷം ഒളിവിൽ പോയ പ്രതികളെ രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ ചവറയിലെ ബന്ധുവീട്ടിൽ നിന്ന് എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാർ,എസ്.ഐമാരായ കെ.എച്ച്. ഷാനവാസ്, രഘുനാഥ്,വനിതാ സി.പി.ഒ സ്വാതി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇരുവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് 12.45 ഓടെയാണ് കുന്നത്തൂർ അംബികോദയം എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആദി കൃഷ്ണൻ ആത്മഹത്യ ചെയ്തത്. പ്രതികളുടെ മകൾക്ക് ഇൻസ്റ്റയിൽ ആദി സന്ദേശം അയച്ചു എന്നാരോപിച്ച് നവംബർ 30ന് രാത്രിയിൽ ഇവർ വീട്ടിലെത്തി കുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഒന്നാം പ്രതി ഗീതു കുട്ടിയുടെ ഇടത് കരണത്ത് അടിച്ചതിനെ തുടർന്ന് നീര് വയ്ക്കുകയും ചെവിയിലൂടെ രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. വീട്ടുകാർ ബാലാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങവേയാണ് കുട്ടി ജീവനൊടുക്കിയത്. സംഭവ സമയം ഭിന്നശേഷിക്കാരനായ ഇളയ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായിരുന്ന ആദികൃഷ്ണ രോഗികളും നിർദ്ധനരുമായ മാതാപിതാക്കളുടെയും സഹോദരന്റെയും ഏക പ്രതീക്ഷയായിരുന്നു.
0 Comments