banner

പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവ്

പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവ്

സ്വന്തം ലേഖകൻ
കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ചു. പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ജീവപര്യന്ത്യം വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ കോടതി പ്രഖ്യാപിച്ചത്.

ഒന്നാം പ്രതി എ.പീതാംബരൻ , സജി സി ജോർജ്, കെ എം സുരേഷ്, കെ.അനിൽകുമാർ, ഗിജിൻ, ആർ.ശ്രീരാഗ്, എ.അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഇവർക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.  4-ാം പ്രതി കെ. മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവര്‍ക്ക് അഞ്ച് വർഷം കഠിനതടവും 10000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 14 പ്രതികളാണ് കുറ്റക്കാരായി ഉണ്ടായിരുന്നത്. 10 പ്രതികളെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

വിധികേട്ട് ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. വിധിയില്‍ തൃപ്തരല്ലെന്നും ഇവര്‍ പറഞ്ഞു. ശിക്ഷ കുറഞ്ഞുപോയി. കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പറഞ്ഞു. അപ്പീല്‍ കൊടുക്കണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയുമായും പ്രോസിക്യൂട്ടറുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആറുവർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് വിധി വന്നത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ. മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പോലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് കെ.വി.കുഞ്ഞിരാമൻ ഉൾപ്പടെ നാലു പ്രതികൾക്കെതിരെ ചുമത്തിയത്.

ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഒന്നാം പ്രതി എ.പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ ഗൂഢാലോചന, കലാപം സൃഷ്ടിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

പത്താം പ്രതി ടി.രഞ്ജിത്ത് പതിനഞ്ചാം പ്രതി എ.സുരേന്ദ്രൻ എന്നിവർ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി.

2019 ഫെ​ബ്രു​വ​രി 17നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊല. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. അന്വേഷണത്തില്‍ തൃപ്തിയില്ലാതെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദു ചെയ്‌തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലിൽ സിംഗിൾ ബെഞ്ച്‌ വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി സുപ്രീം കോടതി കൂടി തള്ളിയതോടെ സിബിഐഅന്വേഷണം ഏറ്റെടുത്തു.

Post a Comment

0 Comments