സ്വന്തം ലേഖകൻ
തൃക്കരുവ : എം മുകേഷ് എംഎൽഎ മുഖാന്തരം 30 ലക്ഷത്തോളം രൂപ ചിലവാക്കിയാണ് കാഞ്ഞാവെളിക്ക് ഒരു സാംസ്കാരിക കേന്ദ്രം ഉണ്ടായത്. ചന്ദ്രശേഖരപിള്ള നേത്യത്വം നൽകിയ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതിയാണ് ഷോപ്പിംഗ് കോപ്ലക്സ് പൊളിച്ച സ്ഥലത്ത് സാംസ്കാരിക കേന്ദ്രം ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എൽ.ഡി.എഫ് ഭരണകാലത്ത് തന്നെ നിർമ്മാണത്തിൻ്റെ ഭൂരിഭാഗവും കഴിഞ്ഞിരുന്നു. പിന്നാലെ വന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായതോടെ അധികാരം നഷ്ടമായി. തുടർന്നുവന്ന സരസ്വതി രാമചന്ദ്രൻ നേതൃത്വം നൽകുന്ന കോൺഗ്രസ് ഭരണസമിതിയാണ് സാംസ്കാരിക കേന്ദ്രവും അനുബന്ധമായി നിർമ്മിച്ച ഓപ്പൺ സ്റ്റേജും മത്സ്യ മാർക്കറ്റും ഉദ്ഘാടനം ചെയ്ത് പൊതുജനത്തിന് തുറന്നുകൊടുത്തത്. നാട്ടുകാർ പരിപാടികൾ പലതും നടത്തിയെങ്കിലും ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഒരു പരിപാടികൾ പോലും ഓപ്പൺ സ്റ്റേജിലോ അനുബന്ധമായ പ്രവർത്തിക്കുന്ന സാംസ്കാരിക കേന്ദ്രത്തിലോ നടത്താൻ ഭരണസമിതി ഒരുക്കമല്ല. ഇതിൻറെ തെളിവാണ് കേരളോത്സവത്തിന്റെ സമാപന സമ്മേളനം പോലും സ്വന്തമായി ഓപ്പൺ സ്റ്റേജ് ഉണ്ടായിരിക്കെ വാടക നൽകി ഉപയോഗിച്ചു വരുന്ന കാഞ്ഞാവെളി പ്രതിഭയുടെ കെട്ടിടത്തിൽ നടത്തിയത്. ഈക്കാര്യത്തിലും വ്യക്തതയില്ല. ആരോടോ വാശി തീർക്കുന്നത് പോലെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ രീതികളെന്നാണ് സി.പിഎം ആരോപണം.
ഇതാദ്യമല്ല പഞ്ചായത്ത് സാംസ്കാരിക കേന്ദ്രത്തോടും ഓപ്പൺ സ്റ്റേജിനോടും അയിത്തം കാട്ടുന്നത്. കഴിഞ്ഞ കേരളോത്സവവും ഉദ്ഘാടനം കഴിഞ്ഞ് ഓപ്പൺ സ്റ്റേജിൽ നടത്താൻ ഭരണസമിതി തയ്യാറായില്ല. ശേഷം നടക്കുന്ന പരിപാടികൾ ആകട്ടെ പഞ്ചായത്തിന്റെ നടുമുറ്റത്തെ ഇട്ടാവട്ട സ്ഥലത്ത് നടത്തുകയാണ് ഭരണസമിതിയുടെ പതിവ് രീതി. സാംസ്കാരിക കേന്ദ്രം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് കഴിഞ്ഞ ഓഡിറ്റിൽ നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. പൊതുജനം ഉപയോഗിക്കുന്നുണ്ട് എങ്കിലും ഇപ്പോഴും പഞ്ചായത്തിന് എന്താണ് അയിത്തം ? എന്ന് ഈ വർഷം ഓഡിറ്റ് ചോദിക്കും എന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം, തനത് വരുമാനം തീരെ ഇല്ലാത്ത ഗ്രാമപഞ്ചായത്ത് ആണ് തൃക്കരുവ. വൻ വരുമാനം പ്രതീക്ഷിച്ചിരുന്ന സാമ്പ്രാണികോടി ടൂറിസം പദ്ധതിയിൽ നിന്ന് ഇപ്പോൾ ഒരു ബന്ധവുമില്ലാത്ത കൊല്ലം കോർപ്പറേഷനാണ് വരുമാനം കൊയ്യുന്നത്. അന്ന് വിഷയത്തെക്കുറിച്ച് പഠിച്ച് വേണ്ടവിധം വാദങ്ങൾ ഉന്നയിക്കാത്തത് മൂലം ഒരു വരുമാനവും പഞ്ചായത്തിനില്ല. ആകെ ലഭിക്കുന്നത് ആകട്ടെ പാർക്കിംഗ് ഫീസിന്റെ വരുമാനവും. അതുകൊണ്ടുതന്നെ ചെലവ് ചുരുക്കൽ തന്നെയാണ് പഞ്ചായത്ത് മുഖമുദ്ര ആക്കേണ്ടത്. അങ്ങനെയുള്ളപ്പോഴാണ് സ്വന്തമായി എല്ലാവിധ സൗകര്യങ്ങളും ഉള്ള കെട്ടിടം ഉണ്ടായിരിന്നിട്ടും ഈ ആയിരങ്ങളുടെ അധിക ചെലവ്.
0 Comments