ഫേസ്ബുക്കിൽ ക്രെഡിറ്റ് കാർഡിന്റെ പരസ്യം കണ്ട യുവാവ് ലിങ്കിൽ പ്രവേശിച്ചതോടെയാണ് തട്ടിപ്പിനിരയായത്. നിലവിൽ ക്രെഡിറ്റ് കാർഡുണ്ടോയെന്ന് ചോദിച്ചപ്പോൾ, 'ഉണ്ട്' എന്ന് യുവാവ് മറുപടി നൽകി. പിന്നാലെ രണ്ട് ദിവസത്തിനകം എക്സിക്യുട്ടീവ് ബന്ധപ്പെടുമെന്ന ഓട്ടോമാറ്റിക് സന്ദേശം ലഭിച്ചു. പരസ്യത്തിൽ ബാങ്കിന്റെ ലോഗോ ഉൾപ്പെടുത്തിയിരുന്നതിനാൽ, യുവാവ് സംശയിച്ചില്ല.
അടുത്ത ദിവസം ബാങ്ക് എക്സിക്യൂട്ടീവ് എന്ന വ്യാജേന ഇംഗ്ലീഷ് ഭാഷ സംസാരിച്ചുകൊണ്ട് ഒരാൾ യുവാവിനെ വിളിച്ചു. പുതിയ ക്രെഡിറ്റ് കാർഡ് അപേക്ഷയുടെ ഭാഗമായി, ഒരു ഓൺലൈൻ ഫോമിനായി വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു. അതിനായി വാട്സ് ആപ്പിൽ ഒരു എ.പീ.കെ (APK) ഫയൽ അയച്ചു. അവർ ആവശ്യപ്പെട്ടത് പ്രകാരം യുവാവ് ഫയൽ ഓപ്പൺ ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു.
തുടർന്ന്, നിലവിലുള്ള ക്രെഡിറ്റ് കാർഡിന്റെ ക്രെഡിറ്റ് പരിധി പരിശോധിക്കാനെന്ന വ്യാജേന, കാർഡിന്റെ നമ്പർ ഉൾപ്പടെയുള്ള വിശദാംശങ്ങൾ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. യുവാവ് വിവരങ്ങൾ നൽകിയതോടെ, ഫോണിൽ ലഭിച്ച ഒ.ടി.പി (OTP) നമ്പറും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇതോടെ ₹50,000, ₹39,996, ₹4,700 എന്നിങ്ങനെ മൂന്നു തവണയായി ₹94,696 തട്ടിയെടുത്തു.
ക്രെഡിറ്റ് കാർഡിന്റെ പരിധി കഴിഞ്ഞതായി മനസിലാക്കിയതോടെ, അപേക്ഷ പൂർത്തിയാക്കാനെന്ന വ്യാജേന, ഡെബിറ്റ് കാർഡിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടു. യുവാവ് വിവരങ്ങൾ നൽകുകയും, ₹21,798 രൂപ അക്കൗണ്ടിൽ ഉണ്ടായിരുന്നതിനാൽ, ₹19,998, ₹1,800 എന്നിങ്ങനെ രണ്ട് തവണയായി ആ തുകയും തട്ടിയെടുത്തു.
തട്ടിപ്പുകാർ, യുവാവ് ഫോണിൽ വരുന്ന ബാങ്ക് സന്ദേശങ്ങൾ കാണാതിരിക്കാൻ, മുക്കാൽ മണിക്കൂറോളം (3.5 മണിക്കൂർ) ഫോണിൽ സംഭാഷണം തുടരാൻ നിർബന്ധിക്കുകയും, വാട്സ് ആപ്പ് വഴിയും നേരിട്ടും സംഭാഷണം തുടരുകയും ചെയ്തു. മുഴുവൻ പണവും നഷ്ടമായ ശേഷമാണ് യുവാവ് തട്ടിപ്പിലായതായി മനസ്സിലാക്കിയത്.
യുവാവ് സംഭവത്തിൽ സൈബർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
0 Comments