തൃശൂർ : പൊന്നൂക്കരയിൽ 54 കാരനായ സുധീഷിനെ ക്രിമിനൽ കേസുകളിലെ പ്രതി കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് മരിച്ചത്. ഇയാളെ തല ഭിത്തിയിലിടിപ്പിച്ച ശേഷം ആസ്ട്രോ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചതായാണ് റിപ്പോർട്ട്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു (38) ആണ് സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
15 വർഷം പഴക്കമുള്ള പ്രശ്നം കൊലപാതകത്തിന് വഴിവെച്ചു
15 വർഷം മുൻപ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് മദ്യലഹരിയിൽ സുധീഷിന് ഓർമ്മവന്നതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു. തർക്കത്തിനിടെ വിഷ്ണു, സുധീഷിന്റെ തല ഭിത്തിയിലിടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഇതിന് പിന്നാലെ ആസ്ട്രോ ബ്ലേഡ ഉപയോഗിച്ച് മുഷ്ടികൊണ്ട് മുതുകിൽ കുത്തിയതായും പൊലീസ് വ്യക്തമാക്കി.
ചികിത്സയിലിരിക്കെ മരണം
ഇന്നലെ വൈകീട്ടായിരുന്നു ആക്രമണം. പരിക്കേറ്റ സുധീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു. സുധീഷും വിഷ്ണുവും തമ്മിൽ തർക്കം ഉണ്ടായത് അവരുടെ പൊതു സുഹൃത്ത് സുകുമാരന്റെ വീട്ടിലായിരുന്നു. സംഭവത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ചതും സുകുമാരനാണ്.
പൊലീസ് കേസ് എടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments