Latest Posts

മുണ്ടക്കൈ പുനരധിവാസം: വീട് ഒരുക്കാൻ 20 ലക്ഷം രൂപ, 12 വർഷത്തേക്ക് ഭൂമി അന്യാധീനപ്പെടുത്താനാകില്ല; വീടുകൾ പൊളിച്ചുനീക്കാൻ ഗുണഭോക്താക്കൾക്ക് അനുമതി



തിരുവനന്തപുരം : മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവർക്ക് വേണ്ടി നിർമിക്കുന്ന വീടിന്റെ സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായിരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നോ-ഗോ സോണിന് പുറത്തായി ദുരന്തം കാരണം ഒറ്റപ്പെട്ടുപോകുന്ന വീടുകൾ ഉൾപ്പെടുത്തിയുള്ള കരട് ഫേസ് 2 B ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ടുപോകുന്ന വീടുകൾ മാത്രം പരിഗണിച്ചുകൊണ്ടു തയ്യാറാക്കാൻ വയനാട് ജില്ലാ കലക്ടറോട് സർക്കാർ നിർദ്ദേശം നൽകി.

വയനാട് ജില്ലാ കലക്ടർ തയ്യാറാക്കിയ ദുരന്തബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430ൽ അധികരിക്കാത്തതിനാൽ, ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങൾക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപ അർഹരായ ഗുണഭോക്താക്കളും ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടും. ഇതേ സാഹചര്യത്തിലാണ് പുനരധിവാസത്തിനായി ആദ്യ ഘട്ടത്തിൽ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

ഗുണഭോക്താക്കൾക്ക് 7 സെന്റ് ഭൂമിയുള്ള പ്ലോട്ടായി പുനഃക്രമീകരിച്ച് വീട് അനുവദിക്കും. വയനാട് മാതൃകാ ടൗൺഷിപ്പിലെ ഭൂമി സംബന്ധിച്ച നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. എൽസ്റ്റോൺ എസ്റ്റേറ്റ് മുനിസിപ്പൽ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.

12 വർഷത്തേക്ക് ഭൂമി അന്യാധീനപ്പെടുത്താനാകില്ല
വയനാട് മാതൃകാ ടൗൺഷിപ്പിൽ ഭൂമി പതിച്ചുനൽകുന്നതിനായി ഗുണഭോക്താവിന്റെ വരുമാന പരിധി പരിഗണിക്കില്ല. റെസിഡൻഷ്യൽ യൂണിറ്റായി ലഭിക്കുന്ന ഭൂമിയും വീടും ഹെറിറ്റബിൾ ആയിരിക്കും. അതായത്, 12 വർഷത്തേക്ക് അന്യാധീനപ്പെടുത്താൻ കഴിയില്ല. ഭൂമിയും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കുമെന്നും, ഭൂമിയും വീടും 12 വർഷത്തിന് മുൻപ് ഗുണഭോക്താവിന് അത്യാവശ്യ ഘട്ടങ്ങളിൽ പണയപ്പെടുത്തി വായ്പ എടുക്കാനുള്ള സാധുത സർക്കാർ ഓരോ കേസും പരിശോധിച്ച ശേഷമാകും തീരുമാനിക്കുക.

വീടുകൾ പൊളിച്ചുനീക്കാൻ ഗുണഭോക്താക്കൾക്ക് അനുമതി
ടൗൺഷിപ്പിൽ വീട് അനുവദിക്കുന്നതിനോ 15 ലക്ഷം രൂപ നൽകുന്നതിനോ മുൻപ് പട്ടികയിൽപെടുന്ന വീടുകളിൽ നിന്നുള്ള ഉപയോഗയോഗ്യമായ ജനൽ, വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ ഗുണഭോക്താക്കൾക്ക് തന്നെ സ്വയം പൊളിച്ച് മാറ്റാൻ അനുമതി നൽകും. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി ഇത് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.

നിലവിൽ ദുരന്തബാധിതർക്ക് അനുവദിച്ച 300 രൂപയുടെ ബത്ത അതേ വ്യവസ്ഥയിൽ തുടരുമെന്നും, തുടർനടപടി എടുക്കാൻ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ, വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് സിഎസ്ആർ ഫണ്ടിൽ നിന്ന് നൽകാനും, ഓരോ കൂപ്പണും രണ്ട് മാസത്തേക്ക് സാധുവായിരിക്കുമെന്നുമാണ് മന്ത്രിസഭാ തീരുമാനം.

0 Comments

Headline