Latest Posts

കായംകുളത്ത് 5 കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസ് പ്രതിയായ കൊല്ലം സ്വദേശി പിടിയിലായി



കായംകുളം : ഉത്സവ സീസൺ പ്രമാണിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ കടത്തി വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 5 കിലോ കഞ്ചാവുമായി പ്രതി പിടിയിൽ. ഓച്ചിറ ആലുംപിടിക കണ്ണംങ്കാട്ട് വീട്ടിൽ ഡോൺ ബോസ്കാ ഗ്രിക്ക് (26) നെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ചു കിലോ കഞ്ചാവും പിടിച്ചെടുത്തു. ഓച്ചിറ, കരുനാഗപ്പള്ളി പോലിസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ലഹരി വിൽപ്പനയിലേക്കും വ്യാപകമായി മാറിയതായാണ് പോലിസ് കണ്ടെത്തിയത്.

ജില്ലയിലേയും സമീപ ജില്ലകളിലേയും ക്രിമിനൽ കേസ് പ്രതികളെ നിരീക്ഷിച്ചതിന്റെ ഭാഗമായാണ് പ്രതിയെ പിടികൂടിയതെന്ന് പോലിസ് വ്യക്തമാക്കി. "ഓപ്പറേഷൻ ഡി ഹണ്ട്" എന്ന പ്രത്യേക നടപടിയുടെ ഭാഗമായി, ആലപ്പുഴ ജില്ലാ പോലിസ് മേധാവിയുടെ നിർദേശപ്രകാരം നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ച ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ച പോലിസ് സംഘവുമാണ് പ്രതിയെ പിടികൂടിയത്.

സിഐ അരുൺഷാ, എസ്‌ഐ രതിഷ് ബാബു, പോലീസുദ്യോഗസ്ഥരായ സബിഷ്, ബിജു, രതീഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ലഹരി വസ്തുക്കളെ കണ്ടെത്തി നിരോധിക്കാനായി ആലപ്പുഴ ജില്ലയിൽ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലിസ് അറിയിച്ചു. നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഓരോ പോലിസ് സ്റ്റേഷനിലും പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡുകൾ രൂപീകരിച്ച് ശക്തമായ പരിശോധനയും നിരീക്ഷണവും തുടരുമെന്നും അധികൃതർ അറിയിച്ചു.

0 Comments

Headline