തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടിയതോടെ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) വ്യാപകമായി പടരുകയാണ്. കഴിഞ്ഞ 55 ദിവസത്തിനിടെ 4500-ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച്, ഈ കാലയളവിൽ 4,562 പേർ ചികിത്സ തേടിയതിൽ എട്ടുപേർ മരണത്തിന് കീഴടങ്ങി. ശുദ്ധമല്ലാത്ത ജലമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.
രോഗവ്യാപനത്തിന്റെ സാധ്യതയും അപകടങ്ങളും
ഭൂരിഭാഗം രോഗികളിലും ലക്ഷണങ്ങൾ അത്ര ഗുരുതരമാകാത്തതിനാൽ, ചികിത്സ തേടുന്നവരുടെ എണ്ണം വളരെ കുറവാണ്. പലരും രോഗം മൂർച്ഛിച്ച ശേഷം മാത്രമാണ് ഡോക്ടറെ സമീപിക്കുന്നത്, ഇതുമൂലം ഗുരുതരമായ അവസ്ഥകളിൽ എത്തപ്പെടുന്നവരുണ്ടാകുന്നു. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും, കരൾ വീക്കത്തിന് കാരണമാവുകയും ചെയ്താൽ രോഗം ജീവന് അപകടം വരുത്താവുന്ന തരത്തിലേക്ക് മാറാം.
പ്രായമായവരിലും ഗർഭിണികളിലും കുട്ടികളിലും മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലും ഈ രോഗം ഗുരുതരമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മലിനമായ ജലസ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണ-പാനീയങ്ങളിലൂടെയും രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നതിലൂടെയും മഞ്ഞപ്പിത്തം പകരുന്നതായി ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.
രോഗലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
മഞ്ഞപ്പിത്തം ബാധിച്ചാൽ പനി, ക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
രോഗം സ്ഥിരീകരിച്ചാൽ രണ്ടാഴ്ചവരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം.
രോഗം ബാധിച്ചാൽ കുറഞ്ഞത് ആറാഴ്ച വിശ്രമം ആവശ്യമാണ്.
പ്യൂരിഫയറുകൾ വഴി ജലം ശുദ്ധീകരിച്ചതുകൊണ്ടു് ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല.
രോഗബാധിതർ ഭക്ഷണം, പാനീയങ്ങൾ തയ്യാറാക്കരുത്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുന്നത് ഏറ്റവും സുരക്ഷിതം. ശീതളപാനീയങ്ങളിലെ ഐസിന്റെ നിലവാരം ഉറപ്പാക്കണം.
മഞ്ഞപ്പിത്തം മുൻവർഷങ്ങളിലും വ്യാപകമായി റിപ്പോർട്ട് ചെയ്തു
കഴിഞ്ഞവർഷം മാത്രം സംസ്ഥാനത്ത് 28,635 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. അതേസമയം, 95 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
വിദഗ്ധരുടെ മുന്നറിയിപ്പ്
"ശുദ്ധമായ വെള്ളത്തിലൂടെ മാത്രമേ മഞ്ഞപ്പിത്തത്തിന്റെ വ്യാപനം തടയാനാകൂ. വേനൽക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം, സ്വയം ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണു്." – ഡോ. അൽത്താഫ്. എ,
പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ്
0 Comments