ആലപ്പുഴ : കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് 7.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. തൃശൂരിലെ ഒരു കോഴി ഫാമിൽ ജോലി ചെയ്യുന്ന സഞ്ചയ് നായിക്ക് എന്നയാളാണ് അറസ്റ്റിലായത്. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മധു, പ്രിവന്റീവ് ഓഫീസർമാരായ ഓംകാർ നാഥ്, അനിലാൽ, റെനി, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്, ജോൺസൺ എന്നിവരും ഉൾപ്പെട്ടിരുന്നു.
നെടുങ്കണ്ടത്ത് 2.2 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
അതേസമയം, ഇടുക്കി നെടുങ്കണ്ടത്ത് 2.2 കിലോഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി. പാമ്പാടുംപാറ സ്വദേശി ജോബിൻ (40) എന്നയാളാണ് പിടിയിലായത്. കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ, ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി കൂടിയ വിലയ്ക്ക് കേരളത്തിൽ വിൽക്കുന്നയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എക്സൈസ് അറിയിച്ചു.
ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ.പി. മിഥിൻലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ജോബിൻ പിടിയിലായത്. സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ നെബു, ഷാജി, തോമസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ, അരുൺ ശശി, സിറിൽ, അജിത്ത്, ആകാശ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി പി.കെ എന്നിവരും ഉണ്ടായിരുന്നു.
0 Comments