banner

പൊലീസിനെ ആക്രമിച്ച കേസുകളിലടക്കം പ്രതി; ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ ഒന്നര കിലോ കഞ്ചാവുമായി പിടികൂടി



കോഴിക്കോട് : ക്രിമിനല്‍ കേസുകളില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ ഒന്നര കിലോഗ്രാം കഞ്ചാവുമായി കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി കോളികെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാരി (46) ആണ് അറസ്റ്റിലായത്.

പൊലീസിനെ കണ്ട് ഓടിയെങ്കിലും പിടികൂടി
കഴിഞ്ഞ ദിവസം രാത്രി പത്തോടെ പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് മഹേഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവനാണെന്ന് സ്ഥിരീകരിച്ചു.

അമ്പലമുക്ക് ആക്രമണക്കേസിലെ പ്രതി
ഒന്നര വര്‍ഷം മുമ്പ് താമരശ്ശേരി അമ്പലമുക്കില്‍ പൊലീസിനെ ആക്രമിക്കുകയും യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ചുരുട്ട് അയൂബ് എന്ന ക്രിമിനലിന്റെ സംഘത്തില്‍പ്പെട്ടയാളാണ് മഹേഷ്. ഈ കേസില്‍ മൂന്ന് മാസത്തോളം റിമാന്റിലായിരുന്ന മഹേഷ്, ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ലഹരി വില്‍പനയില്‍ സജീവമായതായി പൊലീസ് കണ്ടെത്തി.

കർണാടകയിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന
കർണാടകയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുകയാണ് ഇയാളുടെ പ്രധാന പ്രവര്‍ത്തനമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയത് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ പ്രത്യേക സ്ക്വാഡിന്റെയും എസ്‌ഐമാരുടെയും നേതൃത്വത്തിലായിരുന്നു.

പ്രതിയെ റിമാന്‍ഡ് ചെയ്തു
പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. ഓപ്പറേഷനില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്, പി.പി. ജിനീഷ്, കൊടുവള്ളി എസ്‌ഐമാരായ അനൂപ്, ആന്റണി ക്ലീറ്റസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസൂണ്‍, ഷിജു, ഹോം ഗാർഡ് വാസു എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments