banner

കൊല്ലം ജില്ലയിലെ പ്രാധനപ്പെട്ട സർക്കാർ അറിയിപ്പുകളും വാർത്തകളും വിശദമായി ഇങ്ങനെ



സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തി 
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കല്‍, വ്യാപാരികള്‍ പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കല്‍ എന്നിവ ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനുമായി സിവില്‍ സപ്ലൈസ് വകുപ്പ് മുഖേനയും ശരിയായ രീതിയില്‍ പതിച്ച് സൂക്ഷിക്കാത്ത ത്രാസുകള്‍, പാക്കിങ് ലേബലുകള്‍, തൂക്കത്തില്‍ കുറവ് എന്നിവ സംബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മുഖേനയും ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പഴം/പച്ചക്കറി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലെ വൃത്തി സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുഖേനയും സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു പരിശോധന.
പൊതുവിതരണ വകുപ്പ് സ്വകാര്യ വ്യക്തിയുടെ ചായക്കടയില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള നാല് പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. 30 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിശ്ചിത മാതൃകയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതടക്കമുള്ള ഏഴ് കേസുകളെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ 13 പരിശോധനകളില്‍ ലൈസന്‍സ് പുതുക്കിയിട്ടില്ലാത്തതുള്‍പ്പെടെ മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ 15 പരിശോധനയില്‍ അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം സീല്‍ചെയ്ത് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ 17 പരിശോധനകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിന് ഏഴ് ഓട്ടോക്കാര്‍ക്കെതിരെ നടപടിയെടുത്തു.
പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ ബിന്ദു, ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ (കൊല്ലം സര്‍ക്കിള്‍) എസ്.ആര്‍ റസീമ, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 583/2025)

പ്രവാസി ഭദ്രത പദ്ധതി: അപേക്ഷ ക്ഷണിച്ചു 
കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് മടങ്ങിയെത്തുകയും തിരികെ പോകാന്‍ സാധിക്കാതെ വരുകയും ചെയ്തവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ മിഷനും നോര്‍ക്ക റൂട്ട്സും സംയുക്തമായി നടപ്പാക്കുന്ന 'പ്രവാസി ഭദ്രത' പലിശരഹിത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കള്‍ ആറുമാസമെങ്കിലും അയല്‍ക്കൂട്ടാംഗത്വം നേടിയ കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ആയിരിക്കണം.  
പദ്ധതിയുടെ 75 ശതമാനം അല്ലെങ്കില്‍ പരമാവധി രണ്ട് ലക്ഷം രൂപ ഏതാണോ കുറവ് അത് വായ്പയായി അനുവദിക്കും. ആദ്യഘട്ടത്തില്‍ തുകയുടെ പകുതിയും സംരംഭം ആരംഭിച്ചശേഷം ബാക്കി തുകയും നല്‍കും. മൂന്നുമാസത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷം തുല്യ ഗഡുക്കളായി രണ്ടു വര്‍ഷത്തിനുള്ളില്‍ വായ്പ തുക തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ പരിശീലനം എന്നിവ നല്‍കും.
 അര്‍ഹരായവര്‍ അപേക്ഷയും അനുബന്ധ രേഖകളും കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷക്കും വിശദ വിവരങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളുമായി ബന്ധപ്പെടണം.
(പി.ആര്‍.കെ നമ്പര്‍ 584/2025)

റേഷന്‍ വിഹിതം 28 വരെ
ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമായതിനാല്‍ ഉപഭോക്താക്കള്‍ ഫെബ്രുവരിയിലെ വിഹിതം 28നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 585/2025)

മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കണം 
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും 2024-25 വര്‍ഷത്തെ അംശദായം അടച്ച് അംഗത്വം പുതുക്കണം. മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശികയുള്ളവരും ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി ഫെബ്രുവരി 28നകം ഫിഷറീസ് ഓഫീസുകളിലെത്തണം. തുടര്‍ച്ചയായി കുടിശ്ശിക വരുത്തിയവരുടെ പേര് 2025-26ലെ പട്ടികയില്‍നിന്ന് ഒഴിവാക്കും.
മത്സ്യബന്ധനത്തില്‍ തുടരുന്ന തൊഴിലാളികള്‍ക്ക് 70 വയസ്സ് വരെ ക്ഷേമനിധി വിഹിതം അടച്ച് അംഗത്വം തുടരാം. തുടരാന്‍ താല്‍പര്യമില്ലാത്തവര്‍ രേഖാമൂലം ഫിഷറീസ് ഓഫീസറെ അറിയിക്കണം. അനുബന്ധ തൊഴിലാളി ലിസ്റ്റില്‍ ഉള്‍പ്പെട്ട 60 വയസ്സ് പൂര്‍ത്തിയായവര്‍, പഞ്ചായത്ത്-കോര്‍പ്പറേഷന്‍ പെന്‍ഷന്‍ വാങ്ങുന്ന അനുബന്ധ തൊഴിലാളികള്‍ എന്നിവരും മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി ലിസ്റ്റുകളില്‍ പേര് നിലവിലുള്ള മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും അവകാശികളും പേര്, വിലാസം, ഫോണ്‍ നമ്പര്‍, രേഖകള്‍ എന്നിവയില്‍ മാറ്റമുള്ളവരും ഫിഷറീസ് ഓഫീസറെ അറിയിക്കണം.
(പി.ആര്‍.കെ നമ്പര്‍ 586/2025)

ചുരുക്ക പട്ടിക 
 വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം, കാറ്റഗറി നമ്പര്‍ 443/2023) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫിസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 587/2025)

സാധ്യത പട്ടിക
പട്ടികവര്‍ഗ വികസന വകുപ്പില്‍ കുക്ക് (എന്‍.സി.എ-എല്‍.സി/എ.ഐ, കാറ്റഗറി നമ്പര്‍ 622/2023) തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 588/2025)

ഭൂമി ലേലം 
പരവൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 24/14/3ല്‍പ്പെട്ട 4.05 ആര്‍സ് പുരയിടത്തിന്റെ ലേലം മാര്‍ച്ച് 27 രാവിലെ 11ന് പരവൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് വില്ലേജ് ഓഫീസിലോ റവന്യൂ റിക്കവറി ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍: 0474 2763736.
(പി.ആര്‍.കെ നമ്പര്‍ 589/2025)

അസി. പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് നിയമനം 
കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തും. അസി. പ്രൊഫസര്‍ (കാര്‍ഡിയോളജി) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, ഒരു വര്‍ഷത്തെ നിര്‍ബന്ധിത ബോണ്ടഡ് സേവനം, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സീനിയര്‍ റസിഡന്റ് (ഓര്‍ത്തോപീഡിക്സ്) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 40 വയസ്സ്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത (എം.ബി.ബി.എസ് പാര്‍ട്ട് ഒന്നും രണ്ടും മാര്‍ക്ക് ലിസ്റ്റ്, പി.ജി മാര്‍ക്ക് ലിസ്റ്റ്) മുന്‍പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കൂടിക്കാഴ്ചക്കെത്തണം. അസി. പ്രൊഫസര്‍ കൂടിക്കാഴ്ച ഫെബ്രുവരി 28ന് രാവിലെ 11നും സീനിയര്‍ റസിഡന്റ് കൂടിക്കാഴ്ച ഉച്ചക്ക് 12നും നടക്കും.
(പി.ആര്‍.കെ നമ്പര്‍ 590/2025)

ടെന്‍ഡർ 
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ലാബുകളിലേക്കാവശ്യമായ ഉപകരണങ്ങള്‍ നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഏഴ് വരെ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ടെന്‍ഡര്‍ ഫോം ലഭിക്കും. മാര്‍ച്ച് ഏഴിനാണ് ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി. ഫോണ്‍: 0474-2792957.
(പി.ആര്‍.കെ നമ്പര്‍ 591/2025)

ഡിജിറ്റല്‍ ഫ്രീലാന്‍സിങ് കോഴ്‌സ് 
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ ഫ്രീലാന്‍സിങ് പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫീയൂടെ 50 ശതമാനം റീഫണ്ട് ലഭിക്കും. ഫോണ്‍: 9495999672.
(പി.ആര്‍.കെ നമ്പര്‍ 592/2025)

സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍: അപേക്ഷ ക്ഷണിച്ചു 
 കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ സൂക്ഷ്മ ജലസേചനം നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളായ ഡ്രിപ്, സ്പ്രിങ്ക്ളര്‍, മൈക്രോ സ്പ്രിങ്ക്ളര്‍, റെയ്ന്‍ ഗണ്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റു കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്ടര്‍ കൃഷിക്ക് ആനുകൂല്യം ലഭിക്കും.  
  അപേക്ഷകന്റെ ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നികുതി രസീതി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ സഹിതമുള്ള അപേക്ഷ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 8606069173, 9567748516.
(പി.ആര്‍.കെ നമ്പര്‍ 593/2025)

Post a Comment

0 Comments