തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ആശാ പ്രവർത്തകർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ പുറത്തിറക്കി. പണിമുടക്ക് തുടർന്നാൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും മെഡിക്കൽ ഓഫീസർമാർ ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
സാമൂഹികാരോഗ്യ പ്രവർത്തനം തകരാറിലാകാതിരിക്കാൻ അടുത്ത വാർഡിലെ ആശാ പ്രവർത്തകർക്ക് അധിക ചുമതല നൽകുകയോ, ആരോഗ്യ പ്രവർത്തകരുടെ സഹായം ഉറപ്പാക്കുകയോ ചെയ്യണമെന്ന് സർക്കുലറിൽ പറയുന്നു. സമരം തുടരുന്ന പ്രവർത്തകരുടെ കണക്ക് ശേഖരണത്തിനായി ഡിഎംഒമാരുടെ നേതൃത്വത്തിൽ ഗൂഗിൾ ഫോമിലൂടെ കണക്കെടുക്കൽ തുടങ്ങിയിട്ടുണ്ട്.
ശമ്പള വർദ്ധനവടക്കമുള്ള ആവശ്യങ്ങളുമായി സമരം തുടരുന്നതിനിടെ, സമരം രണ്ടു ആഴ്ച പിന്നിട്ടിട്ടും സർക്കാർ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. അതേസമയം, പ്രതിപക്ഷ സംഘടനകളും വിവിധ സാമൂഹിക വിഭാഗങ്ങളും സമരത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
0 Comments