തിരുവനന്തപുരം പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. സി.എസ്.ഐ ലോ കോളേജ് മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയും നെടുമങ്ങാട് സ്വദേശിയുമായ ആദിറാമിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. സീനിയേഴ്‌സ് ആദിറാമിനെ താമസസ്ഥലത്തെത്തി മര്‍ദിക്കുകയായിരുന്നു. ആദിറാമിന്റെ സുഹൃത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത് ആദിറാമിന്റെ നിര്‍ബന്ധപ്രകാരമാണെന്ന തെറ്റിധാരണയാണ് മര്‍ദനത്തിന് പിന്നിലെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
വലിയ മരകഷണം, ഇടിവള, എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. മര്‍ദനത്തിന് പിന്നാലെ കുട്ടിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും കീറി നശിപ്പിച്ചതായും ഇവിടെ പഠിച്ചാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും എഫ്.ഐ.ആറില്‍ പറയുന്നു.
കേസില്‍ ബെനോ, വിജിന്‍, ശ്രീജിത് , അഖില്‍ എന്നിവര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. അതേസമയം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ വൈരാഗ്യമുണ്ടായിരുന്നെന്നും ഇതാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നത്.
മര്‍ദനത്തില്‍ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ആദിറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments