Latest Posts

കാഞ്ഞാവെളി പ്രാക്കുളം സ്കൂളിന് സമീപം കണ്ടൽക്കാട് നശിപ്പിച്ചതായി പരാതി; ഡിജിറ്റൽ റീ സർവ്വേ ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശപ്രകാരമെന്ന് ഭൂവുടമകൾ; അങ്ങനെ പറഞ്ഞിട്ടെയില്ലെന്ന് ഉദ്യോഗസ്ഥർ


തൃക്കരുവ : അഷ്ടമുടിക്കായലിനോട് ചേർന്ന് കാഞ്ഞാവെളി പ്രാക്കുളം സ്കൂളിന് സമീപം, സ്വകാര്യ ഭൂമിയിൽ അഞ്ച് സെൻറ് വ്യാപിച്ച്‌ കിടക്കുന്ന കണ്ടൽവനം ഉടമകൾ അനുമതിയില്ലാതെ നശിപ്പിച്ചതായി പരാതി. പ്രകൃതിയുടെയും ജലജീവിതത്തിന്റെയും സംരക്ഷണത്തിന് നിർണായകമായ കണ്ടൽക്കാട് സ്വകാര്യ വ്യക്തികൾ ഹിറ്റാച്ചി ഉപയോഗിച്ചാണ് വെട്ടിനശിപ്പിച്ചത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമാണ് പൊതുപ്രവർത്തകർ ഉന്നയിക്കുന്നത്. 

സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. അഷ്ടമുടി കായൽ പരിസരത്ത് നിലനിൽക്കുന്ന വ്യാപകമായ കയ്യേറ്റങ്ങൾക്കെതിരെയും നിയമനടപടി ആവശ്യപ്പെട്ട് പരാതികൾ നൽകുമെന്ന് അവർ വ്യക്തമാക്കി. മുൻകൂർ അനുമതി ഇല്ലാതെ കണ്ടൽക്കാടുകൾ വെട്ടി നശിപ്പിക്കുന്നത് നിയമപ്രകാരം തന്നെ കുറ്റകരമാണെന്ന് അവർ വാദിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

ഭൂവുടമകൾ പറയുന്നത്....
കണ്ടൽവനം നശിപ്പിച്ച സ്വകാര്യ വ്യക്തികൾ കാഞ്ഞിരംകുഴി ഡിജിറ്റൽ റീ സർവ്വേ ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശപ്രകാരം തന്നെയാണ് തങ്ങൾ ഈ പ്രവൃത്തി ചെയ്തതെന്ന് വിശദീകരിച്ചു. 

ഉദ്യോഗസ്ഥർ പറയുന്നത്...
എന്നാൽ ഡിജിറ്റൽ റീ സർവ്വേ ഉദ്യോഗസ്ഥർ ഉടമകളുടെ വാദം തള്ളി. 'കണ്ടൽവനം നശിപ്പിക്കാൻ തങ്ങൾ യാതൊരു വിധത്തിലും നിർദേശം നൽകിയിട്ടില്ല. ഭൂമി അളക്കുന്നതിനായി അതിര് തെളിച്ചു നൽകണമെന്ന് മാത്രമാണ് തങ്ങൾ ആവശ്യപ്പെട്ടത്. മറ്റെല്ലാമുള്ള ആരോപണങ്ങൾ വസ്തുതാരഹിതമാണ്' - ഉദ്യോഗസ്ഥർ അറിയിച്ചു.

കായൽ കയ്യേറ്റം വ്യാപകമെന്ന് ആരോപണം
അഷ്ടമുടിക്കായലിനോട് ചേർന്ന നിരവധി പ്രദേശങ്ങളിൽ വ്യാപകമായ കായൽ കയ്യേറ്റം നടക്കുന്നുണ്ടെന്നും, നാട്ടുകാർ നിരന്തരമായി പരാതിപ്പെട്ടുവരുന്നതായും പൊതു പ്രവർത്തകർ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികൾ ആവശ്യപ്പെട്ട് ഉടൻ പരാതികൾ നൽകുമെന്നും അവർ വ്യക്തമാക്കി.

CONTENT HIGHLIGHT: Destruction of mangrove forest near Ashtamudi Lake in Thrikkaruva sparks controversy; officials deny giving clearance.

0 Comments

Headline