തിരുവനന്തപുരം : ആശാ വർക്കർമാരുടെ സമരത്തെ അപഹസിച്ച സിപിഐഎം നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കനത്ത വിമർശനം ഉയർത്തി. സിഐടിയു ബദൽ സമരം സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം അതീവ ഗൗരവത്തോടെയാണു കണ്ട് കാണേണ്ടത്. സിപിഐഎം നേതാക്കൾ ആശാ വർക്കർമാരുടെ സമരത്തെ മോശമായി അപഹസിക്കുന്നുവെന്നും, ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചേരുന്ന നടപടിയാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരം ചെയ്യുന്ന ആശാ വർക്കർമാർ മാവോവാദികളാണെന്ന ആക്ഷേപം മാടമ്പിത്തരത്തിന്റെ ഭാഗമാണെന്നും സിപിഐഎമ്മിന് അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പഴയ സമരങ്ങൾ മറന്നുപോയ സിപിഐഎം, സമരം പൊളിക്കാമെന്ന് വിചാരിച്ചാൽ നടക്കില്ല. ജനങ്ങൾ ഇതിനോട് ഉചിതമായ മറുപടി നൽകുമെന്നും സതീശൻ പറഞ്ഞു. ആശാ വർക്കർമാരുടെ സമരത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി പാറഖനന വിഷയവും പ്രതിപക്ഷ ആരോപണങ്ങൾ
ഇടുക്കിയിലെ പാറ ഖനനം സംബന്ധിച്ച് 27 റിപ്പോർട്ടുകൾ ഉണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഈ ഖനനം നടത്തിയതായി തെളിവുകൾ ലഭിച്ചതിനാൽ, അവരെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പുനഃഖനനത്തിന് അനുമതി നൽകാനായി സർക്കാർ സാധ്യത തേടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
സമരം 17-ാം ദിവസത്തിലേക്ക്, കളക്ടറേറ്റ് മാർച്ച് പ്രഖ്യാപിച്ച് ആശാ വർക്കർമാർ
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം 17-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ, ആലപ്പുഴ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കാൻ ആശാ വർക്കർമാർ തീരുമാനിച്ചു. എന്നാൽ, ഈ മാർച്ചിൽ പങ്കെടുക്കരുതെന്ന് സിഐടിയു നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്.
സിഐടിയുവിന്റെ പ്രതികരണം
ആശാ വർക്കർമാരുടെ സമരത്തിൽ മുഴുവൻ ആശാ വർക്കർമാരുമല്ല പങ്കെടുത്തിരിക്കുന്നത് എന്നാണ് സിഐടിയു വ്യക്തമാക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളും സമരത്തിൽ ഉണ്ടെന്നും, സത്യാവസ്ഥ മറയ്ക്കാനാണ് ഇവർ പുതിയ സമരവുമായി എത്തിയെന്നും സിപിഐഎം ആരോപിച്ചു. സമരത്തിൽ നിന്ന് ഒഴിയണമെന്ന് പ്രവർത്തകരോട് നിർദ്ദേശിച്ചതായി സിഐടിയു വൃത്തങ്ങൾ വ്യക്തമാക്കി.
0 Comments